ത്രിപുരയില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി; ഉപാദ്ധ്യക്ഷന്‍ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Tuesday, March 19, 2019

ത്രിപുരയിലെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സുബൽ ഭൗമിക് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. പടിഞ്ഞാറൻ ത്രിപുര ലോക്സഭ മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചേക്കുമെന്ന അഭ്യൂങ്ങളും ഉണ്ട്. ഇന്ന് അഗർത്തലയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ പങ്കെടുക്കുമെന്നും സുബൽ ഭൗമിക് വ്യക്തമാക്കി.

ത്രിപുര സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ പ്രദ്യോത് മാണിക്യയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സുബൽ ഭൗമിക് ബിജെപി വിടാൻ തീരുമാനിച്ചത്. തന്നോടൊപ്പം നിരവധി ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേരുമെന്ന് സുബൽ ഭൗമിക് പറഞ്ഞിരുന്നു. മുൻ എംഎൽഎയും മികച്ച സംഘാടകനുമായ സുബൽ ഭൗമിക് സംഘടന വിട്ടത് വലിയ ക്ഷീണമാണ് സംസ്ഥാനത്ത് ബിജെപിയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

2014ൽ ബിജെപിയിൽ ചേരുന്നത് വരെ താൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നുവെന്നും 35 വർഷം പ്രവർത്തിച്ച ആ മഹാ പ്രസ്ഥാനത്തിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ് ഇതെന്നും സുബൽ ഭൗമിക് പറഞ്ഞു. കുടുംബത്തിലേയ്ക്കുള്ള തിരിച്ചുവരവായി ഇതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.