ഷെൽട്ടർ ഹോമില്‍ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

Jaihind Webdesk
Wednesday, October 10, 2018

തൊടുപുഴ കുടയത്തൂരിലെ സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസിയായ 10-ആം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച രാത്രിയാണ് ഇടുക്കി ഏലപ്പാറ സ്വദേശിനിയായ പെൺകുട്ടിയെ ഷെൽട്ടർ നോമിന്‍റെ ടെറസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഏലപ്പാറ സ്വദേശിനിയും 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ പെൺകുട്ടി കഴിഞ്ഞ മൂന്നു വർഷമായി സാമൂഹ്യനീതി വൂപ്പിന് കീഴിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുടയത്തൂർ ഷെൽട്ടർ ഹോമിലെ അന്തേവാസിയാണ്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പെൺകുട്ടിയെ ഷെൽട്ടർ ഹോമിന്‍റെ ടെറസിൽ തൂങ്ങിയ,നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൊടുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എന്നാൽ മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ ഷെൽട്ടർ ഹോം അധികൃതർ വീഴ്ച വരുത്തിയെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദ്ദേഹം ആർ.ഡി.ഒ എത്തിയ ശേഷം മാത്രം കോട്ടയത്തേക്ക് പോസ്റ്റ് മോർട്ടത്തിന് മാറ്റിയാൽ മതിയെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടത് നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് ആർ ഡി ഒ എത്തിയ ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.