കാസര്‍കോട് പള്ളഞ്ചി പാലത്തിനടിയില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Jaihind Webdesk
Sunday, March 3, 2019

ദമ്പതികളെന്ന് സംശയിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം പാലത്തിനടിയിലെ ഡ്രൈനേജില്‍ കണ്ടെത്തി. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളഞ്ചി പാലത്തിനടിയിലെ ഡ്രൈനേജിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെയും 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 9.30 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം ആദൂര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവര്‍ അഡൂര്‍ ഭാഗത്തുള്ളവരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ മറ്റോ ലഭ്യമല്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് അഡൂര്‍ പള്ളെഞ്ചി പാലത്തിനടിയിലെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. സമീപത്തുനിന്നും വാട്ടര്‍ ബോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.