ആത്മഹത്യ ചെയ്തത് മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാവാതെ; കുമാറിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Jaihind Webdesk
Wednesday, July 31, 2019

പാലക്കാട്‌ കല്ലേക്കാട് ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറുടെ മരണം ഉദ്യോഗസ്ഥ പീഡനം കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ. ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

മേലുദ്യോഗസ്ഥർ പലപ്പോഴും അധിക ഡ്യൂട്ടി നല്‍കി. ആദിവാസിയായതിന്‍റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നു. നേരത്തെ ഉദ്യോഗസ്ഥരുടെ മാനസികപീഡനം മൂലമാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞിരുന്നു. ശാരീരിക പീഡനങ്ങള്‍ക്കൊപ്പം ജാതീയമായ അധിക്ഷേപവും കുമാറിന് നേരിടേണ്ടി വന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തി. തുടർന്ന് അന്വേഷണ സംഘം ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു.

നാല് ദിവസം മുമ്പാണ് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷണം നടക്കുന്നത്. എന്നാല്‍ പൊലീസ് അല്ലാത്ത ഏജന്‍സി സംഭവം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.