യൂണിവേഴ്സിറ്റി കോളേജ് വധശ്രമം: പ്രതികള്‍ കുറ്റം സമ്മതിച്ചു ; പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ചെയ്തതെന്ന് പ്രതികള്‍

Jaihind Webdesk
Monday, July 15, 2019

യൂണിവേഴ്സിറ്റി കോളേജില്‍‌ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇന്ന് പിടിയിലായ പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് കുറ്റം സമ്മതിച്ചത്.

അഖിലിനെ കുത്തിയെന്ന് ശിവരഞ്ജിത് സമ്മതിച്ചതായി പോലീസ് അറിയിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ചെയ്തതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇന്ന് വെളുപ്പിനെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും പോലീസ് കേശവദാസപുരത്തുനിന്ന് പിടികൂടിയത്.

അതേസമയം കേസുമായി ബന്ധപ്പെട്ട ആറ് പേരെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ശിവരഞ്ജിത്തും നസീമും പൊലീസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തിൽ ഉൾപ്പെട്ട ആറ് പേരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തില്‍ അധ്യാപക കൗൺസിൽ യോഗം ചേര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം എടുത്തത്.