നരേന്ദ്രമോദിയെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കുമോ? കാരണം അദ്ദേഹം മൂന്നാമത്തേ കുട്ടിയല്ലേ? രാംദേവിനെതിരെ അസ്സദുദ്ദീന്‍ ഒവൈസി

Jaihind Webdesk
Monday, May 27, 2019

ഹൈദരബാദ്: ഇന്ത്യയില്‍ ഒരു കുടുംബത്തില്‍ മൂന്നാമതുണ്ടാകുന്ന കുട്ടികള്‍ക്ക് വോട്ടവകാശവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നല്‍കരുതെന്ന യോഗ ഗുരു ബാബരാംദേവിന്റെ നിലപാടിനെതിരെ അസദുദ്ദീന്‍ ഒവൈസി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇതുപോലെ വോട്ടവകാശത്തില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കുമോ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം.

‘ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചിലയാളുകള്‍ സ്പഷ്ടമായി പറയുകയാണ്.. അവര്‍ക്ക് എന്തിനാണ് ഇത്രയധികം പ്രധാന്യം നല്‍കുന്നത്’ ഒവൈസി ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരബാദില്‍ നിന്ന് ഒവൈസി വീണ്ടും ലോക്‌സഭയിലേക്ക് എത്തുകയാണ്.
യോഗഗുരു രാംദേവ് ഞായറാഴ്ച്ചയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ ജനസംഖ്യ അടുത്ത 50 വര്‍ഷത്തേക്ക് 150 കോടി കവിയരുത്. ഇതിനായി രാജ്യത്ത് മൂന്നാമത് ജനിക്കുന്ന കുട്ടികള്‍ക്ക് വോട്ടവകാശവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിയമം പാസാക്കണമെന്നായിരുന്നു രാംദേവിന്റെ ആവശ്യം.