ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് ബി.ജെ.പിക്ക് ! മഹാരാഷ്ട്രയിലെ ഇ.വി.എം അട്ടിമറി ശ്രമം പുറത്ത്

Jaihind Webdesk
Wednesday, October 23, 2019

മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന വോട്ടെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ വന്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ സത്താര പോളിംഗ് സ്റ്റേഷനിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. പോളിംഗ് സ്‌റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബി.ജെ.പിക്കാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവെച്ചതായി മുംബൈ മിറര്‍ റിപ്പോർട്ട് ചെയ്തു.

വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചെയ്തത് മാറിപ്പോയെന്നു കാണിച്ച് കോറെഗാവ് മണ്ഡലത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് അട്ടിമറി വെളിച്ചത്തുവരുന്നത്. തുടര്‍ന്ന് വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് വന്‍ അട്ടിമറി വെളിച്ചത്തായത്.  എല്ലാ വോട്ടുകളും ബി.ജെ.പിക്കാണ് പോയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്ത് ഓഫീസര്‍ക്ക് പരാതി നല്‍കി.

ആദ്യം പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെങ്കിലും വോട്ടർമാരുടെ പ്രതിഷേധം കനത്തതോടെ പോലീസ് ഇടപെടുകയായിരുന്നു. തുടർന്ന് നടത്തിയ ഇ.വി.എം പരിശോധനയില്‍ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോളിംഗ് ബൂത്തിലെ മുഴുവന്‍ ഇ.വി.എമ്മുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് അട്ടിമറി നടന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

വളരെ ഗുരുതരമായ സംഭവമാണിതെന്നും മറ്റിടങ്ങളിലും ഇത്തരത്തില്‍ അട്ടിമറിക്ക് ബി.ജെ.പി ശ്രമിച്ചിരിക്കാമെന്നും ആക്ഷേപമുയരുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് മുമ്പും ബി.ജെ.പിക്കെതിരെ ശക്തമായ ആരോപണം ഉയർന്നിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി സാധ്യമല്ലെന്ന വാദമുയർത്തിയാണ് ബി.ജെ.പി തടിയൂരിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ തിരിമറി നടന്നെന്ന് സ്ഥിരീകരിച്ചതോടെ ബി.ജെ.പി നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും.

നേരത്തെ ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ താന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഏത് ചിഹ്നത്തില്‍ കുത്തിയാലും ബി.ജെ.പിക്ക് തന്നെ വോട്ടുകള്‍ ലഭിക്കുമെന്നുമായിരുന്നു ബക്ഷിക്കിന്‍റെ പ്രസ്താവന.  ഇക്കാര്യം തന്‍റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്ന വീഡിയോ ആയിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന വാര്‍ത്തയും ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.