മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് ; പ്രത്യേക നിയമസഭാ സമ്മേളനം ഉച്ചയ്ക്ക് 2 മണിക്ക്

Jaihind News Bureau
Saturday, November 30, 2019

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവർണർ ഡിസംബർ 3 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാല്‍ ഇന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ത്രികക്ഷി സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേരുന്ന പ്രത്യേക സഭാസമ്മേളനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

170 എം.എൽ.എമാരുടെ പിന്തുണയാണ് മഹാ വികാസ് അഘാടി അവകാശപ്പെടുന്നത്. ത്രികക്ഷി സഖ്യത്തിന്‍റെ കരുത്ത് തെളിയിച്ച് നടത്തിയ പരേഡില്‍ 162 എം.എല്‍.എമാരെയായിരുന്നു അണിനിരത്തിയത്. പിന്നീട് ഏതാനും ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യത്തിന് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയുടെ  പതിനെട്ടാമത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യാഴാഴ്ചയാണ് ചുമതലയേറ്റത്. ശിവാജി പാർക്കില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉദ്ധവ് താക്കറെക്കൊപ്പം മൂന്ന് പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരും ചുമതലയേറ്റിരുന്നു. നേരത്തെ മുൻ സ്പീക്കർ കൂടിയായ എൻ.സി.പിയിലെ ദിലീപ് വൽസെ പാട്ടീലിനെ പുതിയ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു.