‘മഹാ’രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ് ; അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു ; ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി

Jaihind News Bureau
Tuesday, November 26, 2019

ബി.ജെ.പിയുമായി സഖ്യത്തിനൊരുങ്ങിയ എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൈമാറിയതായാണ് റിപ്പോർട്ട്. നാളെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അജിത്ത് പവാറിന്‍റെ രാജി. മുഖ്യമന്ത്രി ഫഡ്നാവിസും രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ഇന്നലെ മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെ അണിനിര്‍ത്തി ത്രികക്ഷി സഖ്യം നടത്തിയ ശക്തിപ്രഖ്യാപനത്തോടെ തന്നെ ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്നത് വ്യക്തമായിരുന്നു. ബുധനാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതിയുടെ ഉത്തരവും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. രണ്ടാഴ്ച സമയമാണ് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നത്.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉപ മുഖ്യമന്ത്രി അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 30 മിനിറ്റ് നേരമാണ് അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് തൊട്ടുപിന്നാലെയായിരുന്നു അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയാറായത്.