എന്‍.സി.പിയുടെ ഭാഗമാണെന്നും ശരത് പവാറാണ് തന്‍റെ നേതാവെന്നും വ്യക്തമാക്കി അജിത് പവാര്‍

Jaihind News Bureau
Wednesday, November 27, 2019

ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മടങ്ങിയെത്തിയ  അജിത് പവാര്‍ താന്‍ എന്‍.സി.പിയുടെ ഭാഗമാണെന്നും ശരത് പവാറാണ് തന്‍റെ നേതാവെന്നും വ്യക്തമാക്കി.   തനിക്ക് തെറ്റിപറ്റിയെന്നും സംഭവിച്ചു പോയ കാര്യങ്ങളില്‍ ഖേദമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ വിധാന്‍ സഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയ അജിത് പവാറിനടുത്തേക്ക് എത്തി അദ്ദേഹത്തെ സ്വാഗതം ചെയ്ത സുപ്രിയ അദ്ദേഹത്തിന്‍റെ കാല്‍തൊട്ട് വന്ദിക്കാനും മറന്നില്ല.    സഹോദരനുമായി പിണങ്ങിയിട്ടില്ലെന്നും എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ ഓരോ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌.  പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെത്തന്നെ ചെറിയച്ഛന്‍ കൂടിയ  ശരത് പവാറിനെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ അജിത് പവാര്‍ എന്‍സിപി നേതാവിനെ സന്ദര്‍ശിക്കുക എന്നത് പാര്‍ട്ടി അംഗമായ തന്‍റെ അവകാശം കൂടിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.  മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയാട്ടായിരുന്നു കൂടിക്കാഴ്ച.