ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുന്നു ; ഫഡ്നാവിസ് ഒരു കള്ളനെപ്പോലെ സത്യപ്രതിജ്ഞ ചെയ്തത് എന്തിന് ? ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, November 23, 2019

അർധരാത്രിയിലെ രാഷ്ട്രീയ അന്തർനാടകത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടികളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് വീണ്ടും തെളിഞ്ഞതായി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു.

നിയമവിരുദ്ധവും ദുഷിച്ചതുമായ കുതന്ത്രങ്ങൾ അർധരാത്രി രഹസ്യമായി നടപ്പിലാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ആരോപിച്ചു. ഇത്തരത്തിലുള്ള നിയമവിരുദ്ധ നീക്കങ്ങള്‍ സ്വയം നാശത്തിന് വഴിവെക്കുന്നതാണെന്നും അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തു.

അന്തര്‍നാടകങ്ങള്‍ക്ക് കൂട്ടുനിന്നതോടെ അമിത് ഷായുടെ ഹിറ്റ് മാന്‍ ആണ് താനെന്ന് ഗവർണര്‍ ഭഗത് സിംഗ് കോഷ്യാരി വീണ്ടും തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജെവാല കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ആരോപിച്ച സുർജെവാല ചില ചോദ്യങ്ങളും മുന്നോട്ടുവെച്ചു.

1. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം എപ്പോഴാണ് നീക്കം ചെയ്തത് ? 2. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം രാത്രിയില്‍ എപ്പോഴാണ് അവതരിപ്പിച്ചത്  ? 3. എം‌.എൽ‌.എമാരുടെ പട്ടിക എപ്പോഴാണ് അവതരിപ്പിച്ചത് ? 4. എം‌.എൽ‌.എ എപ്പോഴാണ് ഗവർണറുടെ മുമ്പാകെ ഹാജരായത് ? 5. ഫഡ്നാവിസ് ഒരു കള്ളനെപ്പോലെ സത്യപ്രതിജ്ഞ ചെയ്തത് എന്തുകൊണ്ട്? – സുര്‍ജെവാല ട്വിറ്ററില്‍ കുറിച്ചു.