അജിത് പവാറിന് ഉപകാര സ്മരണ… 70,000 കോടിയുടെ അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ്

Jaihind News Bureau
Monday, November 25, 2019

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഴിമതി കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്. ജലസേചന വകുപ്പിലെ 70,000 കോടി രൂപയുടെ അഴിമതി കേസിലാണ് മഹാരാഷ്ട്ര ആന്‍റി കറപ്ഷൻ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയത്.

ബി.ജെ.പിയുമായി ചേർന്ന് സഖ്യം രൂപീകരിച്ച ശേഷം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് 48 മണിക്കൂർ പിന്നിടുമ്പോഴാണ് അന്വേഷണ ഏജൻസി ക്ലീൻ ചിറ്റ് നൽകുന്നത്. അജിത് പവാറിന് എതിരെ ജലസേചന അഴിമതിക്കേസില്‍ തെളിവില്ല എന്നാണ് മഹാരാഷ്ട്ര ആന്‍റി കറപ്ഷന്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയെ സഹായിച്ചതിനുളള സമ്മാനമാണ് അജിത് പവാറിനുളള ക്ലീന്‍ ചിറ്റെന്ന് എന്‍.സി.പിയും ശിവസേനയും ആരോപിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നതാവും അജിത് പവാറിനുളള ഈ ക്ലീന്‍ ചിറ്റ്.

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30 നാണ് സുപ്രീം കോടതി വിധി പറയുന്നത്.