മഹാരാഷ്ട്ര വിധാന്‍ സഭയില്‍ പ്രത്യേക സമ്മേളനം ആരംഭിച്ചു; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി; താക്കറെയെ പിന്തുണച്ച് സിപിഎമ്മും

Jaihind News Bureau
Wednesday, November 27, 2019

മഹാരാഷ്ട്രയിൽ കാളിദാസ് കൊളമ്പ്കര്‍ പ്രോ ടേം സ്പീക്കറായി. മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. നിയുക്ത മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഗവർണർ ഭഗത് സിംഗ് കോഷിയാരെയെ കണ്ടു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. നാളെ വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് സത്യപ്രതിജ്ഞ.

ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനവും അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനവും രാജിവച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ഗവർണർ ഭഗത് സിംഗ് കോഷ്യാരി വിളിച്ച പ്രത്യേക സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന്‍റെ എംഎല്‍എമാര്‍ എത്തി. 288 എംഎൽഎമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

അതേസമയം ശിവസേനയെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎൽഎ വിനോദ് നിഖോലെയാണ് ഉദ്ദവ് താക്കറെക്ക് പിന്തുണ അറിയിച്ചത്.

എൻ‌സി‌പി നേതാവ് ശരദ് പവാറിന്‍റെ അനന്തരവൻ അജിത് പവാർ ഉൾപ്പെടെയുള്ള മഹാരാഷ്ട്ര എം‌എൽ‌എമാർ വിധാന്‍ സഭയില്‍ എത്തി. സത്യപ്രതിജ്ഞയ്ക്കായി എത്തിയ എം‌എൽ‌എമാരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവും എംപിയുമായ സുപ്രിയ സുലെ അഭിവാദ്യം ചെയ്ത് സ്വീകരിച്ചു.

മടങ്ങിയെത്തിയ അജിത് പവറിനെ അഭിവാദ്യം ചെയ്ത് കാല്‍തൊട്ടുവന്ദിച്ചാണ് സുപ്രിയ സ്വീകരിച്ചത്. നാളെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകിട്ട് 6.40ന്‌ ശിവജി പാര്‍ക്കിലാണ്‌ ഉദ്ധവ്‌ താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടക്കുക