മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി ഉദ്ദവ് താക്കറെ; അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

Jaihind News Bureau
Monday, December 30, 2019

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇന്ന് തന്നെ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും 36 കാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എൻ‌സി‌പി പ്രസിഡന്‍റ് ശരദ് പവാറിന്‍റെ അനന്തരവൻ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. ശിവസേന എംഎല്‍എ ആദിത്യ താക്കറെ സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ഒരു മണിക്ക് വിധാൻ ഭവനിൽ നടക്കും. സംസ്ഥാന മന്ത്രിസഭയിൽ ഇപ്പോള്‍ മുഖ്യമന്ത്രിയെ കൂടാതെ ആറ് മന്ത്രിമാരാണ് ഉള്ളത്. നവംബർ 28 നാണ് മഹാരാഷ്ട്രയില്‍ മഹാസഖ്യ സർക്കാർ രൂപീകരിച്ചത്. 288 അംഗ സഭയിൽ 56 എൻ‌സി‌പി എം‌എൽ‌എമാരും 54 കോൺഗ്രസ് എം‌എൽ‌എമാരും 44 ശിവസേന എം‌എൽ‌എമാരുമാണ് ഉള്ളത്.