‘മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല’ ; സോണിയാ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഉദ്ധവ് താക്കറെ

Jaihind Webdesk
Tuesday, November 26, 2019

മുംബൈ : മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുഖ്യമന്ത്രിയാവാന്‍ തന്നെ തെരഞ്ഞെടുത്തതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദി അറിയിക്കുന്നതായും താക്കറെ പറഞ്ഞു.

‘സംസ്ഥാനത്തെ നയിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. സോണിയാ ഗാന്ധിക്കും മറ്റുള്ളവർക്കും ഞാന്‍ നന്ദി പറയുന്നു. പരസ്പരം വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് നമ്മൾ രാജ്യത്തിന് ഒരു പുതിയ ദിശാബോധം നൽകുന്നു’ – ഉദ്ദവ് താക്കറെ പറഞ്ഞു. മഹാ വികാസ് അഘാഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

ചൊവ്വാഴ്ച വൈകിട്ട് മുംബൈയിലെ ട്രിഡന്‍റ് ഹോട്ടലില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ത്രികക്ഷി സഖ്യത്തിന്‍റെ നിയമഭാകക്ഷി നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുത്തിരുന്നു. നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കും.  നവംബർ 28 ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ.