ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും ; സത്യപ്രതിജ്ഞ നവംബര്‍ 28 ന് ; അഭ്യൂഹങ്ങള്‍ക്കിടെ അജിത് പവാർ ശരദ് പവാറിന്‍റെ വസതിയില്‍

Jaihind News Bureau
Tuesday, November 26, 2019

മുംബൈ : മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യത്തിന്‍റെ നിയമഭാകക്ഷി നേതാവായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ തെരഞ്ഞെടുത്തു. മുംബൈയിലെ ട്രിഡന്‍റ് ഹോട്ടലില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഉദ്ധവ് താക്കറെയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കും. നവംബര്‍ 28 ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ.

എൻ.സി.പി നേതാവ് ജയന്ത് പാട്ടീലാണ് നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയുടെ പേര് നിർദേശിച്ചത്. കോൺഗ്രസിന്‍റെ ബാലാസാഹെബ് തൊറാട്ട് പിന്തുണച്ചു. യോഗത്തിന് ശേഷം മഹാ വികാസ് അഘാഡി നേതാക്കൾ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടു. പ്രോ ടെം സ്പീക്കറായി ബിജെപി എം.എൽ.എ കാളിദാസ് കൊളാംബ്കറെ ഗവർണർ നിയമിച്ചു.

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കി ചൊവ്വാഴ്ച വൈകിട്ട് ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ വിശ്വാസവോട്ടെടുപ്പിന് കാക്കാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവെച്ചൊഴിഞ്ഞു. ഇതിനിടെ ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച എന്‍.സി.പി നേതാവ് അജിത് പവാര്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ വീട്ടിലെത്തി. രാത്രി 9.40 ഓടെയാണ് അജിത് പവാര്‍ ശരദ് പവാറിന്‍റെ വീട്ടിലെത്തിയത്.

നാളെ വൈകിട്ട് 5 മണിക്കകം വിശ്വാസവോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു ഫഡ്നാവിസ് രാജിവെച്ചതും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവന്നതും. ഇതിന് ശേഷമാണ് ത്രികക്ഷി സഖ്യം മുംബൈ ട്രിഡന്‍റ് ഹോട്ടലില്‍ യോഗം ചേര്‍ന്നത്. ഇതോടെ മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ ജനാധിപത്യവിരുദ്ധമായി ബി.ജെ.പി നടത്തിയ അര്‍ധരാത്രി നാടകങ്ങള്‍ക്കും തിരശീല വീണു.