മഹാരാഷ്ട്രയിൽ മഹാസഖ്യ സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം

Jaihind News Bureau
Wednesday, November 27, 2019

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. മഹാരാഷ്ട്രയിലെ സിപിഎമ്മിന്‍റെ ഏക എംഎല്‍എയായ വിനോദ് നിക്കോളെയാണ് മഹാസഖ്യ സര്‍ക്കാരിനെ പിന്തുണ അറിയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ മറ്റ് എംഎൽഎമാർക്കൊപ്പം ചേരാനുള്ള ക്ഷണം വിനോദ് നിരസിച്ചിരുന്നുവെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് മഹാസഖ്യത്തിനുള്ള പിന്തുണ പാര്‍ട്ടി ഗവര്‍ണറെ അറിയിച്ചു.

പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തില്‍ ബിജെപിയുടെ പാസ്കല്‍ ധനരെയെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്‍റെ വിനോദ് നിക്കോളെ നിയമസഭയിലേയ്ക്കെത്തിയത്. മഹാരാഷ്ട്രയിൽ സിപിഎം ജയിച്ച ഒരേയൊരു മണ്ഡലവും ദഹനുവാണ്.

ആകെ 52,082 രൂപ മാത്രം ആസ്തിയുള്ള വിനോദ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള നിയമസഭാംഗം കൂടിയാണ്.