സെറീന വില്യംസ് യുഎസ് ഓപ്പൺ ഫൈനലിൽ

Jaihind Webdesk
Friday, September 7, 2018

അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പൺ ഫൈനലിൽ കടന്നു. ലാത്വിയൻ താരം അനാസ്താസ്യ സെവസ്‌തോവയെ സെമിയിൽ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു സെറീനയുടെ വിജയം. സ്‌കോർ: 6-3, 6-0.

ആദ്യ സെറ്റിൽ മൂന്നു ഗെയിമുകൾ വഴങ്ങിയ സെറീന ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.

അമ്മയായ ശേഷം ഇതു രണ്ടാം തവണയാണ് സെറീന ഗ്രാൻഡ് സ്ലാം ഫൈനലിൽ കടക്കുന്നത്. ജൂലൈയിൽ വിംബിൾഡൺ ഫൈനലിൽ ആംഗലിക് കെർബറിനു മുന്നിൽ സെറീനയ്ക്കു അടിയറവ് പറയേണ്ടിവന്നിരുന്നു. ഇവിടെ വിജയിക്കാനായാൽ മാർഗററ്റ് കോർട്ടിൻറെ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന റിക്കാർഡിനൊപ്പം എത്താനാവും. ഒമ്പതാം തവണയാണ് സെറീന യുഎസ് ഓപ്പൺ ഫൈനലിൽ കടക്കുന്നത്.