യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ സെറീന വില്യംസും നവോമി ഒസാക്കയും ഏറ്റുമുട്ടും

Jaihind Webdesk
Saturday, September 8, 2018

ഈ വർഷത്തെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്‍റായ യുഎസ് ഓപ്പണിന്‍റെ വനിതാ സിംഗിൾസ് ഫൈനലിൽ അമേരിക്കയുടെ സെറീന വില്യംസും ജപ്പാന്‍റെ നവോമി ഒസാക്കയും ഏറ്റുമുട്ടും. സെമിയിൽ 17-ആം സീഡ് സെറീന ലാത്വിയയുടെ 19-ആം സീഡ് അനസ്താസിയ സെവസ്റ്റോവയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് കലാശപ്പോരാട്ടത്തിന് മുന്നേറിയത്.

സെറീനയുടെ 31-ആം ഗ്രാൻഡ് സ്ലാം ഫൈനലാണിത്. 2014ന് ശേഷം ആദ്യമായാണ് സെറീന യുഎസ് ഓപ്പൺ ഫൈനലിൽ കളിക്കുന്നത്. 2015, 16 വർഷങ്ങളിൽ സെമിയിൽ പുറത്തായ സെറീന കഴിഞ്ഞ വർഷം ടൂർണമെന്‍റിൽ പങ്കെടുത്തില്ല. ആറ് തവണ ഇവിടെ കിരീടം നേടിയ സെറീന ഇത്തവണ ലക്ഷ്യമിടുന്നത് ഏഴാം കിരീടമാണ്. അമ്മയായ ശേഷം ഇതു രണ്ടാം തവണയാണ് സെറീന ഗ്രാൻഡ് സ്ലാം ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ വിംബിൾഡണിന്‍റെ ഫൈനലിൽ കളിച്ചെങ്കിലും ആഞ്ചലിക് കെർബറിനോട് പരാജയപ്പെട്ടു.

66 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-3, 6-0 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം. തികച്ചും ആധികാരികമായ വിജയത്തിലൂടെയാണ് സെറീനയുടെ മുന്നേറ്റം. രണ്ടാം സെറ്റ് ഒരു പോയിന്‍റു പോലും എതിരാളിക്ക് നൽകാതെയാണ് സെറീന സ്വന്തമാക്കിയത്.

ഇതോടെ 24 ഗ്രാൻഡ്സ്ലാമെന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോഡിനൊപ്പമെത്താൻ ഒരു വിജയം മാത്രം മതി സെറീനയ്ക്ക്. കൂടാതെ ഫൈനലിൽ വിജയിക്കാനായാൽ ആധുനിക ടെന്നീസിൽ ആറു യുഎസ് ഓപ്പൺ കിരീടങ്ങൾ എന്ന നേട്ടത്തിൽ ക്രിസ് എവർട്ടിനെ മറികടക്കാനും സെറീനയ്ക്ക് സാധിക്കും.

നിലവിലെ റണ്ണറപ്പായ അമേരിക്കയുടെ മാഡിസൺ കെയ്സിനെ അട്ടിമറിച്ചാണ് ജപ്പാനീസ് താരം നവോമി ഒസാക്ക കലാശക്കളിക്ക് യോഗ്യത നേടിയത്. ഇതോടെ ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന ആദ്യ ജപ്പാനീസ് വനിതാ താരമെന്ന ബഹുമതിക്കും നവോമി അർഹയായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കെയ്സിനെതിരെ ജപ്പാനീസ് താരത്തിന്റെ വിജയം. സ്‌കോർ: 6-2, 6-4.