നവോമി ഒസാക്ക ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യന്‍

Jaihind Webdesk
Sunday, January 27, 2019

NaomiOsaka-Australian-Open

ജപ്പാന്‍റെ നവോമി ഒസാക്കയ്ക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം. ഫൈനലിൽ ചെക്ക് പ്പബ്ലിക്കിന്‍റെ പെട്രാ ക്വിറ്റോവയെ കീഴടക്കിയാണ് നാലാം സീഡായ ഒസാക്ക കിരീടം നേടിയത്. സ്‌കോർ : 7-6 , 5-7, 6-4.

ഒസാക്കയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ഇത്. ഇതോടെ ലോക റാങ്കിങ്ങിൽ ഹാലപ്പിനെ പിന്തള്ളി ജപ്പാനീസ് താരം ഒന്നാമതെത്തി. 2018ൽ യുഎസ് ഓപ്പണിൽ സെറീന വില്യംസിനെ കീഴടക്കി തന്‍റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഒസാക്കയുടെ കരിയറിലെ രണ്ടാം കിരീടനേട്ടമാണിത്.

2001ൽ യുഎസ് താരം ജെന്നിഫർ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാൻസ്‌ലാം കിരീടം നേട്ടത്തിന് തുടർച്ചയായി തൊട്ടടുത്ത ഗ്രാൻസ്‍ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ് ഒസാക്ക. ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലുമായിരുന്നു കപ്രിയാറ്റിയുടെ കിരീടനേട്ടം.

എന്നാല്‍ കിരീടവിജയങ്ങൾക്കു മുൻപ് ഗ്രാൻസ്‌ലാം ടൂർണമെന്‍റുകളുടെ നാലാം റൗണ്ട് പോലും കടന്നിട്ടില്ലാത്ത താരമാണ് ഒസാക്ക എന്നത് തന്നെ കഠിനപ്രയത്നത്തിന്‍റെയും നിശ്ചയദാര്‍ഡ്യത്തിന്‍റെയും തെളിവാണ്.  യുഎസ് ഓപ്പൺ കിരീട നേട്ടത്തിന് മുമ്പ് ഒസാക്കയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നത് ഒരേയൊരു ഡബ്ല്യുടിഎ കിരീട നേട്ടം മാത്രമായിരുന്നു – ഇന്ത്യൻ വെൽസ് ഓപ്പൺ കിരീടം.

അതേസമയം, 2016ല്‍ അക്രമിയുടെ കത്തിക്കുത്തേറ്റതിന് ശേഷമുള്ള  ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച ക്വിറ്റോവയ്ക്ക് പക്ഷേ കിരീട നേട്ടത്തോടെ തിരിച്ചുവരവ് അവിസ്മരണീയമാക്കാമെന്ന മോഹം സഫലമാക്കാനായില്ല.

പരിക്കിന്ശേഷം മത്സരരംഗത്തേയ്ക്ക് ക്വിറ്റോവയുടെ  തിരിച്ചുവരവിനുള്ള സാധ്യത പത്തുശതമാനം മാത്രം എന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്ത്.  എന്നാല്‍ ഈ മുന്‍വിധികളെല്ലാം  കാറ്റില്‍പറത്തുന്നതായിരുന്നു ക്വിറ്റോവയും നിശ്ചയദാര്‍ഡ്യവും മനക്കരുത്തും.

Naomi Osaka vs Petra Kvitova

ആദ്യ സെറ്റ് സ്വന്തമാക്കിയ ഒസാക്ക രണ്ടാം സെറ്റിലും വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ക്വിറ്റോവ തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായക മൂന്നാം സെറ്റില്‍ തുടക്കത്തിലെ 3-1ന്‍റെ ലീഡെടുത്ത ഒസാക്ക, ക്വിറ്റോവയുടെ കിരീട സ്വപ്നങ്ങള്‍ തകര്‍ത്തു.