സംസ്ഥാന സ്‌കൂൾ കലോൽസവം: മത്സരാർത്ഥികളേ മാപ്പ്….. ‘ലക്ഷങ്ങൾ നൽകാം, സമ്മാനങ്ങൾ ഒപ്പമുണ്ട്’

Jaihind Webdesk
Wednesday, December 5, 2018

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊടിയേറും മുമ്പ് ഉയർന്ന ഗ്രേഡ് ഉറപ്പിക്കാൻ ലക്ഷങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നതായി സൂചന. നൃത്ത ഇനങ്ങളടക്കമുള്ളവയ്ക്ക് ഏ ഗ്രേഡ് ഉറപ്പാക്കാനാണ് നീക്കം സജീവമാകുന്നത്. ഇതിനു പിന്നിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന മാഫിയക്കൊപ്പം വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആലപ്പുഴയിൽ വെള്ളിയാഴ്ച്ച കൊടിയേറുന്ന കലോത്സവത്തിന്റെ ഗ്രേഡുകൾ നേരത്തെ നിശ്ചയിച്ചു നൽകാൻ പല മത്സരാർത്ഥികളുടെ കൈയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങിക്കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ പണക്കൊഴുപ്പിന്റെ പകിട്ടില്ലാത്ത വിദ്യാർത്ഥികൾ ഇക്കുറിയും പടിക്കുപുറത്താകും. ഗ്രേഡുകൾ വീതം വെയ്ക്കാൻ നാലു വ്യക്തികളടങ്ങുന്ന കൂട്ടായ്മയാണ് രൂപപ്പെട്ടിട്ടുള്ളത്. ഇവരെ പിന്തുണയ്ക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുമുണ്ട്.

സംഘനൃത്താധ്യപകരായ രണ്ട് തിരുവനന്തപുരം സ്വദേശികൾക്ക് പുറമേ നേരത്തെ ഇത്തരം പ്രവർത്തനങ്ങൾ ഏർപ്പെട്ട് അറസ്റ്റിലായ എറണാകുളം സ്വദേശി മറ്റൊരു നൃത്താധ്യാപകൻ എന്നിവരാണ് കലോത്സവ സമ്മാന വീതംവെക്കലിന് കുടപിടിക്കുന്നത്. പ്രളയാനന്തര കേരളത്തിൽ നടക്കുന്ന ആദ്യ കലോത്സവമായതിനാൽ തന്നെ ചെലവ് ചുരുക്കി നടത്തണമെന്ന നിർദ്ദേശമാണ് നിലവിലുള്ളത്. ഇതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമാർ കലോത്സവവേദികളിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. അവസരം മുതലാക്കി രംഗത്തുവന്ന ഫിക്‌സിംഗ് മാഫിയ സമ്മാനങ്ങൾക്കുള്ള ലേലം വിളി ഊർജ്ജിതമാക്കുകയായിരുന്നു. പതിവിനു വിപരീതമായി ഗ്രേഡ് വീതംവെയ്ക്കലിന് ഇക്കുറി അനന്ത സാധയതകളുണ്ടെന്ന വിലയിരുത്തൽ ജില്ലാ കലോത്സവങ്ങളിൽ നിന്നു തന്നെ ഉയർന്നിരുന്നു. കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം എന്നിവയ്ക്ക് പുറമേ സംഘനൃത്തം, ഒപ്പന, നാടകം എന്നീ ഇനങ്ങളിലും കടുത്ത വിലപേശലാണ് നടക്കുന്നത്.മുമ്പത്തെ പോലെ വിധികർത്താക്കളെ സ്വാധീനിക്കാൻ കഴിയാത്തതിനാൽ സ്‌റ്റേജിന് പിന്നിലേക്കാണ് വിലപേശൽ മാറിയിട്ടുള്ളത്. മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കുകളില തിരുത്തൽ വരുത്തിയാണ് സ്ഥാനം വീതംവെപ്പ് നടത്തുന്നത്. ഒന്നാം സ്ഥാനത്തിനു പകരം ഗ്രേഡ് സമ്പ്രദായം വന്നതോടെ പലരുടെ കൈയ്യിൽ നിന്നും പണം വാങ്ങാമെന്ന സ്ഥിതിയുഗ സംജാതമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ച് ഫിക്‌സിംഗ് മാഫിയയെ സഹായിക്കാൻ ഉദേയാഗസ്ഥരും രംഗത്തുണ്ടെന്ന ആരോപണവും പുറരത്തു വന്നുകഴിഞ്ഞു.

എ ഗ്രേഡിനായി നെട്ടോട്ടമോടുന്ന മത്സരാർത്ഥികളും അവരുടെ മാതാപിതാക്കളും മണിക്കുറുകളോളം ചർച്ച നടത്തിയാണ് ഇത്തരം ഫിക്‌സിംഗ് നടത്തുന്നത്. തങ്ങളേക്കാൾ അധികം തുക മറ്റ് മത്സരാർത്ഥികൾ കൊടുക്കാൻ തീരുമാനിച്ചാൽ അവരുടെ കാര്യം പ്രഥമപരിഗണനയിൽ ഉണ്ടാവുമെന്നാണ് ഫിക്‌സിംഗ് മാഫിയയുടെ നിലപാട്. ഇത്തരത്തിൽ ലക്ഷങ്ങളാണ് പലരുടെയും ശകെയ്യിൽ നിന്നും സമ്മാനത്തുകയായി മാഫിയ കൈപ്പറ്റിയിട്ടുള്ളത്. കലോൽസവത്തിന് കൊടിയേറിയ ശേഷം ഗ്രേഡ് ഉറപ്പിക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെടുന്നതോടെ ലേലം വിളി വീണ്ടും കൊഴുക്കും. ജില്ലാ കലോൽസവ വേദികളിൽ ഫിക്‌സിംഗ് മാഫിയയുടെ ഇടപെടുലുകൾ സജീവമായതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സമ്മാനങ്ങളെ ചൊല്ലി സംഘർഷം ഉടലെടുത്തിരുന്നു. അതിജീവനകല എന്ന് പേരിട്ടിരിക്കുന്ന കലോൽസവത്തിൽ യഥാർത്ഥത്തിൽ പണക്കൊഴുപ്പിന്റെ അതിജീവനമാണ് നടക്കുന്നത്.[yop_poll id=2]