മോദി സര്‍ക്കാര്‍ നടത്തിയത് 69,381 കോടിയുടെ അഴിമതി; സ്പെക്ട്രം അഴിമതി റിലയന്‍സ് ജിയോയ്ക്ക് വേണ്ടി

Jaihind Webdesk
Monday, January 14, 2019

ന്യൂഡല്‍ഹി: അനധികൃതമായി മൈക്രോസ്‌പെക്ട്രം വിതരണം ചെയ്തതിലൂടെ 69381 കോടിയുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ്. സ്‌പെക്ട്രം ലേലം ചെയ്യാതെ റിലയന്‍സ് ജിയോക്ക് നല്‍കുകയായിരുന്നു. നാലുവര്‍ഷം കൊണ്ട് നടന്നത് മൂന്ന് സ്‌പെക്ട്രം അഴിമതികളാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേറ പറഞ്ഞു. അനധികൃതമായാണ് സ്‌പെക്ട്രം വിതരണം നടത്തിയതെന്ന കാര്യം സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

2015ല്‍ റിലയന്‍സ് ജിയോയ്ക്ക് മൈക്രോവേവ് സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച പാര്‍ലമെന്റില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ആരോപണം. 2015 ല്‍ റിലയന്‍സ് ജിയോക്ക് സ്‌പെക്ട്രം നല്‍കിയത് ലേലം ചെയ്യാതെയാണ്. ശേഷം സിസ്റ്റമ എന്ന കമ്പനിക്കും ഈ ലൈസന്‍സ് നല്‍കി. അങ്ങനെ രണ്ട് കമ്പനികള്‍ക്ക് മാത്രമാണ് മൈക്രോവേവ് സ്‌പെക്ട്രത്തിനുള്ള ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 101 അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പാകെയുണ്ടായിരുന്നു.

എന്നിട്ടും വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെയും അവഗണിച്ചാണ് ലേലം നടത്താതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയം സ്വീകരിച്ചുകൊണ്ട് റിലയന്‍സ് ജിയോക്ക് നല്‍കിയെന്നതാണ് കോണ്‍ഗ്രസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 69000 കോടിയുട നഷ്ടം ഇതുവഴി രാജ്യത്തിന് ഉണ്ടായിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുകൊണ്ട് ലേലം ചെയ്യാതെ റിലയന്‍സ് ജിയോക്ക് നല്‍കിയെന്ന സര്‍ക്കാര്‍ വിശദീകരിക്കണം.