ഒമർ അബ്‌ദുള്ളയെ വീട്ടു തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

Jaihind News Bureau
Wednesday, February 12, 2020

ജമ്മു കശ്മീരിൽ പൊതു സുരക്ഷാ നിയമ പ്രകാരം മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയെ വീട്ടു തടങ്കലിൽ ആക്കിയത് ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ 3 അംഗ ബഞ്ചിൽ നിന്നും ജസ്റ്റിസ് മോഹൻ ശാന്തനഗൗഡ പിൻമാറിയതിനെ തുടർന്നാണിത്. ഒമർ അബ്‌ദുള്ളയുടെ സഹോദരി സാറ അബ്‍ദുള്ളയാണ് ഹർജി നൽകിയത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് ആഗസ്റ്റ് 5 മുതലാണ് ഒമർ അബ്‍ദുള്ള ഉൾപ്പെടെ ഉള്ളവരെ വീട്ടു തടങ്കലിൽ ആക്കിയത്. നേരത്തെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലിൽ ആക്കിയ നടപടി ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്ന് സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും തരിഗാമിയെ ഡൽഹി എയിംസിൽ ചികിത്സക്കായി എത്തിക്കുകയും ചെയ്തിരുന്നു.