ലൈഫ് മിഷൻ : സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

Jaihind News Bureau
Monday, January 25, 2021

 

ന്യൂഡല്‍ഹി : വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇന്ന് കേസ് കേൾക്കുക. എഫ്സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് കേരളത്തിന്‍റെ വാദം. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ് ലൈഫ് മിഷന്‍ സിഇഒയുടെ ആവശ്യം. ഇതേ ആവശ്യത്തിൽ സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജികൾ കേരള ഹൈക്കോടതി തള്ളിയിരുന്നു.