ഏറെ സംതൃപ്തി നൽകുന്ന നിമിഷം : നിർഭയയുടെ അമ്മ ആശാദേവി

Jaihind News Bureau
Friday, March 20, 2020

ഏറെ സംതൃപ്തി നൽകുന്ന നിമിഷമെന്നാണ് വിധി നടപ്പിലായ ശേഷം നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചത്. നിർഭയയുടെ അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്നും, സ്ത്രീകള്‍ക്കും കുട്ടികൾക്കും വേണ്ടി പോരാട്ടം തുടരുമെന്നും ഇന്നത്തെ ദിവസം വനിതകളുടേതെന്നും ആശാദേവി പ്രതികരിച്ചു.

ഇന്ന് നീതിയുടെ ദിനമാണെന്ന് നിർഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകൾക്കും ഇന്ന് സന്തോഷിക്കാം. നിർഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും വിധി കേട്ട ശേഷം പിതാവ് പ്രതികരിച്ചു.

മാർച്ച് 20 നിർഭയ ന്യായ് ദിവസമായി ആചരിക്കണമെന്നും നിർഭയയുടെ മാതാപിതാക്കൾ പറഞ്ഞു.

വിധി നടപ്പക്കുന്ന സമയം തീഹാർ ജയിലിന് പുറത്ത് മധുരം വിളമ്പി ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. കൊറോണ വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തിഹാർ ജയിലിന് പുറത്ത് കൂട്ടംകൂടിയിരിക്കുന്നത്. ഇവരിൽ പലരും നിർഭയയ്ക്ക് നീതി തേടി 2012ൽ നടന്ന സമരത്തിൽ പങ്കെടുത്തവരാണ്.

അവസാന മണിക്കൂറുകളിൽ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങൾക്കൊടുവിൽ, തീഹാർ ജയിലിലെ മൂന്നാം നമ്പർ മുറിയിലെ കഴുമരത്തിൽ പ്രതികളെ തൂക്കിലേറ്റുമ്പോൾ, തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിർഭയയുടെ അവസാനത്തെ ആഗ്രഹമാണ് നടപ്പിലായത്.