നിർഭയ: പ്രതികളെ വെവ്വേറെ തൂക്കിലേറ്റില്ല; കേന്ദ്ര സർക്കാർ ആവശ്യം കോടതി തള്ളി

Jaihind News Bureau
Wednesday, February 5, 2020

നിർഭയ കേസിലെ 4 പ്രതികളുടെയും വധശിക്ഷ ഒരുമിച്ചേ നടപ്പാക്കാവു എന്ന് ഡൽഹി ഹൈക്കോടതി. വധശിക്ഷ സ്റ്റേ ചെയ്ത പാട്യാല ഹൗസ് കോടതി വിധി ചേദ്യം ചെയ്ത് കേന്ദ്ര സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്ക് ആവശ്യമായ നിയമ നടപടികൾ തീർക്കാൻ ഡൽഹി ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണു കേസിൽ വിധി പറഞ്ഞത്. കുറ്റവാളികളുടെ വധശിക്ഷയ്‍ക്കുള്ള മരണവാറന്‍റ് സ്റ്റേ ചെയ്തതിനെതിരെയാണു കേന്ദ്ര സർക്കാരും തിഹാർ ജയിൽ അധികൃതരും ഹര്‍ജി നല്‍കിയത്.

ദയാഹര്‍ജികള്‍ തള്ളിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്‍റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നതായും തുഷാർ മേത്ത വാദിച്ചു. എന്നാൽ ജയിൽച്ചട്ടം പ്രകാരം ഒരേ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പാക്കാൻ കഴിയുവെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കേസിലെ പ്രതി വിനയ്കുമാറിന്‍റെയും ദയാഹർജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകൾക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാർ ദയാഹർജി സമർപ്പിച്ചു. മുകേഷ് കുമാർ സിങ്ങിന്‍റെ ഹർജി നേരത്തേ തള്ളിയിരുന്നു. പവൻ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകൻ എ.പി.സിങ്ങാണ് അക്ഷയ്കുമാർ, പവൻ ഗുപ്ത, വിനയ്‌കുമാർ എന്നിവർക്കു വേണ്ടി ഹാജരായത്. മുതിർന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.