നിർഭയ കേസിലെ നാല് പ്രതികളും തൂക്കിലേറുമ്പോള്‍ അതിനുപിന്നില്‍ രാജ്യത്തെ എല്ലാ പെൺമക്കൾക്കും വേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഒരമ്മയുടെ പ്രാർത്ഥനയുണ്ട്.. നിശ്ചയദാർഢ്യവും

Jaihind News Bureau
Thursday, March 19, 2020

രാജ്യത്തെ എല്ലാ പെൺമക്കൾക്കും വേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഒരമ്മയുടെ പ്രാർത്ഥനയുണ്ട്. ഡൽഹിയിലെ ഒരു ഭീകരരാത്രിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ സ്വന്തം മകൾക്കു സംഭവിച്ചത് ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും സംഭവിക്കരുതേ എന്ന നെഞ്ചുരുകുന്ന പ്രാർത്ഥന. ഒടുവിൽ തന്‍റെ മകൾക്കും രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും നീതി ലഭിച്ചതിന്‍റെ ആശ്വാസം ആ അമ്മയുടെ മനസിലുണ്ടാകും.

രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും സുരക്ഷിതരായി ജീവിക്കാനും സഞ്ചരിക്കാനും, സ്വന്തം ശരീരവും അഭിമാനവും കാത്തുസൂക്ഷിക്കാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു നിർഭയയുടെ അമ്മയുടെ ദീർഘമായ നിയമയുദ്ധം. എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ
നിർഭയ കേസിലെ നാല് പ്രതികൾക്കും തക്കതായ ശിക്ഷ ലഭിച്ചു.

കഴിഞ്ഞ ഏഴു വർഷമായി കോടതി മുറികളിലും വക്കീലോഫീസുകളിലുമായാണ് ഈ അമ്മയുടെ ജീവിതം. ആ പോരാട്ടത്തിന് ഇന്ന് അറുതിയാകും.
നിർഭയയുടെ അമ്മ ആശാദേവിയുടെ മുഖത്ത് നേർത്തൊരു പുഞ്ചിരിയുടെയെങ്കിലും മങ്ങിയ വെട്ടം വീണിട്ടുപോലും കാലമേറെയായി. മകളുടെ ചിരിയൊഴിഞ്ഞ വീട്ടിൽ,​ അവളെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന മുറിയിൽ ഓരോ തവണയും ഈ അമ്മ പ്രാർത്ഥന അവസാനിപ്പിക്കുന്നത് മകൾക്ക് നീതി ലഭിക്കണമെന്നാണ്.

സിംഗപ്പൂരിലെ ആശുപത്രിയിൽ ആ പുലർച്ചെ മരണത്തിലേക്ക് വഴുതിപ്പോകുന്ന ബോധത്തിനിടെ നിർഭയ അമ്മയുടെ കൈകളിൽപ്പിടിച്ച് പറഞ്ഞതും അതു തന്നെയായിരുന്നു.

തിഹാർ ജയിലിലെ തൂക്കുമരത്തിൽ നാലു പ്രതികൾക്ക് വധശിക്ഷ നടപ്പിലാക്കപ്പെടുമ്പോൾ ആശാദേവി ചിരിക്കില്ലായിരിക്കാം. ഒടുവിൽ തൻ്റെ മകൾക്ക് നീതി ലഭിച്ചതിൻ്റെ ആശ്വാസം ആ അമ്മയുടെ മനസിലുണ്ടാകും.