കരിയില്‍ മുങ്ങിത്താണ സർക്കാരിനെ ഇനി എവിടെ കരിവാരി തേക്കാന്‍ ? ഈന്തപ്പഴത്തിന്‍റെ മറവിലും സ്വര്‍ണ്ണക്കടത്ത് നടന്നെന്ന് രമേശ് ചെന്നിത്തല | Video

Jaihind News Bureau
Monday, September 14, 2020

 

സംസ്ഥാനത്തിന് അഭിമാനകരമാകേണ്ടി യിരുന്ന ലൈഫ് മിഷന്‍ പദ്ധതി അപമാനകരമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിയില്‍ മുങ്ങിത്താഴ്ന്നുകിടക്കുന്ന സര്‍ക്കാരിനെ ഇനി എവിടെയാണ് കരിവാരി തേക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു . ഈന്തപ്പഴത്തിന്‍റെ പേരില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നിര്‍ബാധം നടന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇത് പരിശോധിച്ചോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

ഈന്തപ്പഴത്തിന്‍റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ സ്വര്‍ണ്ണക്കള്ളക്കടത്താണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 17,000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും ഈന്തപ്പഴം എന്തിനാണ് കോണ്‍സുലേറ്റിന് എന്നും ഈന്തപ്പഴത്തിന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്താണ് നടന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നയതന്ത്ര ബാഗേജിലൂടെ ഈന്തപ്പഴക്കച്ചവടമാണോ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇത് പരിശോധിച്ചിരുന്നോഎന്ന് വ്യക്തമാക്കണം. പ്രോട്ടോക്കോള്‍ ഓഫീസറുടെ കത്തില്ലാതെ നയതന്ത്ര ബാഗേജ് എത്തിക്കാന്‍ സാധിക്കില്ല എന്നിരിക്കെ പ്രാഥമിക ഉത്തരവാദിത്വം പ്രോട്ടോക്കോള്‍ ഓഫീസറിനാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അന്വേഷണം മുറുകുമ്പോൾ നെഞ്ചിടിപ്പ് വർധിക്കുന്നത് സി.പി.എമ്മിന്‍റെ ഉന്നതനേതാക്കൾക്കാണ്. കേന്ദ്ര ഏജൻസികളെ കത്തയച്ച് വിളിച്ചുവരുത്തിയിട്ട് അന്വേഷണം മന്ത്രിമാരിലേക്കും മന്ത്രി പുത്രന്മാരിലേക്കും എത്തുമ്പോൾ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ഭരണകക്ഷിയുടെ ഇപ്പോഴത്തെ വാദമെന്ന് അദ്ദേഹം പരിഹസിച്ചു. തീവെട്ടിക്കൊള്ള ഭൂഷണമാണെന്ന് കരുതുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇപി ജയരാജന്‍റെയും കോടിയേരിയുടെയും, ജലീലിന്‍റെയും നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നാ സുരേഷുമായി മകന് എന്തു ബന്ധമാണുളളതെന്നും എന്തിനാണ് ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച് ബാങ്കില്‍ പോയതെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കണം. ലൈഫ് മിഷന്‍ ധാരണാപത്രത്തിന്‍റെ കോപ്പി ആവശ്യപ്പെട്ട് ഒന്നര മാസമായിട്ടും സര്‍ക്കാര്‍ നല്‍കിയില്ല. പാവപ്പെട്ടവർക്ക് വീടുണ്ടാക്കാനുള്ള പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി നടത്തിയിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എന്നുപറഞ്ഞാൽ ജനങ്ങൾ അത് പുഛിച്ച് തള്ളും. ഒന്നും മറച്ചു വെക്കാന്‍ ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ധാരണാപത്രം നല്‍കാന്‍ തയാറാകാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/635849910624305