ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി. നിര്‍ണ്ണായക നിമിഷത്തില്‍ തോല്‍ തിരുമാവളവന്റെ വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ) വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷ കടമ്പ കടന്നത്.
കോണ്‍ഗ്രസിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും പിന്തുണ നേരത്തെ തന്നെ വിജയ് ഉറപ്പാക്കിയിരുന്നു. എങ്കിലും കേവലഭൂരിപക്ഷത്തിന് ഒന്നോ രണ്ടോ സീറ്റുകളുടെ കുറവുണ്ടായിരുന്നു. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ മാന്ത്രികസംഖ്യ വിജയ് മറികടന്നു. വൈകീട്ടോടെയാണ് പിന്തുണ സംബന്ധിച്ച ഔദ്യോഗിക തീരുമാനം വിസികെ അറിയിച്ചത്. പിന്തുണയറിയിച്ചുകൊണ്ടുള്ള കത്ത് തോല്‍ തിരുമാവളവന്‍ നേരിട്ട് കൈമാറി.
ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്. തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.
മുഖ്യമന്ത്രിയാകാന്‍ ഒടുവില്‍ ആളെ തികച്ച് വിജയ്; വിസികെ പിന്തുണക്കത്ത് കൈമാറി; ടിവികെക്ക് 118 എംഎല്‍എമാരുടെ പിന്തുണ