തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സംഘർഷത്തില്‍ പരിക്കേറ്റ അരുൺ, നൗഫൽ, അനീഷ്, ശ്യാം, റിയാസ് എന്നിവർ ചികിത്സയിലാണ്. ഇവർ തമ്മിലുണ്ടായ തർക്കത്തിനിടെ അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
രാത്രി ഒമ്പത് മണിയോടെ വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് സംഘർഷം ഉണ്ടായത്. തർക്കത്തിനിടെ പുറത്തുപോയ അനീഷ് പെട്രോൾ വാങ്ങി തിരിച്ചെത്തി ബാറിലുണ്ടായിരുന്നവർക്കു നേരേ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. അനീഷിന്‍റെ ശരീരത്തിലും തീ പടർന്നു. ഇതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി ഓടി.
മുറിയിലുണ്ടായിരുന്ന വസ്തുക്കളിലേക്കും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.