ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയുടെ പ്രധാന ചാലകശക്തിയായ യുപിഐ (Unified Payments Interface) ഇടപാടുകൾക്ക് ഭാവിയിൽ സേവന നിരക്ക് ഏർപ്പെടുത്താനുള്ള സാധ്യത പൂർണമായി തള്ളാതെ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. പണനയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുപിഐ നിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.
വൻകിട ബിസിനസ് ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചെറിയ തോതിൽ സേവന നിരക്ക് ഈടാക്കാൻ അനുമതി നൽകുന്ന പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഗവർണറുടെ പ്രതികരണം.
യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. നിയമഭേദഗതി നടപടികൾ പുരോഗമിക്കുകയാണെന്നും ഡിജിറ്റൽ പൊതുസംവിധാനങ്ങൾ ശക്തമായി നിലനിർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
"ഡിജിറ്റൽ സംവിധാനങ്ങളുടെ ചെലവ് ആരെങ്കിലും വഹിക്കേണ്ടതുണ്ട്. നിലവിൽ സർക്കാർ അല്ലെങ്കിൽ ബാങ്കുകളാണ് ഈ ബാധ്യത ഏറ്റെടുക്കുന്നത്. ഭാവിയിൽ ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നത് സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും" എന്നും റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.
അതേസമയം, പുതിയ നിരക്ക് സാധാരണ ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നാണ് ബാങ്കിംഗ് മേഖലയിലെ സൂചന. ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം കൈമാറുന്ന വ്യക്തിഗത ഉപയോക്താക്കൾക്ക് നിലവിലെ സൗജന്യ സേവനം തുടരുമെന്നാണ് പ്രതീക്ഷ.
പ്രതിവർഷം 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെയും സേവന നിരക്കിൽ നിന്ന് ഒഴിവാക്കാനാണ് ആലോചന. എന്നാൽ 1.5 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സൂപ്പർമാർക്കറ്റുകൾ, വൻകിട ബ്രാൻഡുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് ചെറിയ നിരക്ക് ഈടാക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ സേവന നിരക്ക് ഈടാക്കുന്ന രീതിയാണ് ചർച്ചയിലുള്ളത്.
2020 മുതൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുപിഐ സേവന നിരക്കുകൾ സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ പ്രതിമാസം കോടിക്കണക്കിന് ഇടപാടുകൾ നടക്കുന്ന യുപിഐ ശൃംഖലയുടെ പരിപാലനം, സുരക്ഷ, സാങ്കേതിക വികസനം തുടങ്ങിയവയ്ക്ക് ബാങ്കുകൾക്കും ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾക്കും വലിയ ചെലവ് വരുന്നുണ്ട്.
പുതിയ സേവന നിരക്ക് സംവിധാനം നിലവിൽ വന്നാൽ യുപിഐ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക നവീകരണങ്ങളും മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
യുപിഐ ഇനി സൗജന്യമാവുമോ? നിരക്ക് ഏർപ്പെടുത്തൽ സാധ്യത തള്ളാതെ റിസർവ് ബാങ്ക്