കൊച്ചി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ നടത്തിയ പ്രതിഷേധ പരിപാടിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
ഗായകൻ വേടന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച ‘ആസാദി പാട്ടും പ്രതിഷേധവും - നമ്മളും അവർക്കൊപ്പം’ എന്ന പ്രതിഷേധ സംഗീത പരിപാടിക്കെതിരെയാണ് പോലീസ് നടപടി. അനുമതിയില്ലാതെ സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.വേടന് പുറമെ ഫുട്ബോൾ താരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, കെ.കെ. ഷാഹിന, മനീഷാ രാധാകൃഷ്ണൻ, എഴുത്തുകാരി നവമി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും ആളുകളെ കൂട്ടിച്ചേർക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പരിപാടിക്കായി നിരവധി പേർ എത്തിയതോടെ പനമ്പിള്ളി നഗർ പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.വേടന്റെ മാനേജർ ഉൾപ്പെടെ ഏകദേശം 200 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറിൽ മാനേജറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് ആളുകളെ തിരിച്ചറിയാവുന്നവരെന്ന നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരങ്ങളും ഐക്യദാർഢ്യ പരിപാടികളും നടക്കുകയാണ്.ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിന് സമീപം വേടന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗീത പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് മുൻകൂർ അനുമതി തേടുകയോ പോലീസിന് അറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.