തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്ന തുടരന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു. എ.ഡി.ജി.പിയുടെ പേര് എടുത്തുപറഞ്ഞുകൊണ്ടുള്ള റിപ്പോർട്ടാണ് എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറിയത്. കേസിൽ എ.ഡി.ജി.പിക്കെതിരെയുള്ള കൂടുതൽ തെളിവുകളും അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്.
നേരത്തെ കഴിഞ്ഞ മാസം 23-നാണ് എസ്.ഐ.ടി ഈ കേസിൽ ആദ്യ റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡി.ജി.പി അഞ്ച് സംശയങ്ങൾ ഉന്നയിക്കുകയും റിപ്പോർട്ട് മടക്കുകയുമായിരുന്നു. തുടർന്ന് അതീവ വേഗത്തിൽ തുടരന്വേഷണം പൂർത്തിയാക്കിയാണ് എസ്.ഐ.ടി ഇപ്പോൾ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.