തിരുവനന്തപുരം: പിഎംജിയിലെ സ്വകാര്യ ഹോട്ടലായ 'പ്രശാന്ത്' ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി ലിഫ്റ്റിൽ കുടുങ്ങി. വൈകുന്നേരം ആറുമണിക്ക് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഹോട്ടലിന്റെ ആറാം നിലയിൽ വെച്ച് ലിഫ്റ്റ് അപ്രതീക്ഷിതമായി തകരാറിലാവുകയായിരുന്നു.ഏകദേശം 15 മിനിറ്റോളം ഉള്ളിൽ കുടുങ്ങിയ എം.പിയെയും സംഘത്തെയും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന വാതിൽ അകത്തി പുറത്തെത്തിച്ചു. അമിതഭാരമാണ് ലിഫ്റ്റ് നിന്നുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.ആദ്യം ലിഫ്റ്റിന്റെ ആളുകളെയും പിന്നീട് ഹോട്ടലിലെ ആളുകളെയും വിളിച്ചു. അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ലെന്നും പിന്നീടാണ് അഗ്നിരക്ഷാസേനയെ വിളിച്ചതെന്നും തരൂർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് തരൂർ നന്ദി പറയുകയും ചെയ്തു.