അന്തരിച്ച മുതിര്ന്ന സി.പി.എം. നേതാവ് എ.വി. ബാലന് അന്ത്യാഭിവാദ്യമര്പ്പിച്ച് കണ്ണൂര് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഫെയ്സ്ബുക്കില് പങ്കുവെച്ച പോസ്റ്റിനെച്ചൊല്ലി രൂക്ഷമായ സോഷ്യല് മീഡിയ വിമര്ശനം. 'അന്ത്യാഭിവാദ്യങ്ങള് സഖാവെ' എന്ന് മാത്രം കുറിച്ചുകൊണ്ട് ചില ചിത്രങ്ങള് മാത്രമാണ് രാഗേഷ് പോസ്റ്റ് ചെയ്തത്. പാനൂര് ഏരിയയിലെ മുന് സെക്രട്ടറിയും പാര്ട്ടിയുടെ വളര്ച്ചയില് നിര്ണായക പങ്ക് വഹിച്ച നേതാവുമായ എ.വി. ബാലനെക്കുറിച്ച് ഒരക്ഷരം പോലും എഴുതാതെ ചിത്രങ്ങള് മാത്രം പങ്കുവെച്ചത് പ്രവര്ത്തകരെയും അനുഭാവികളെയും കടുത്ത അമര്ഷത്തിലാഴ്ത്തി.
സോഷ്യല് മീഡിയയിലെ കമന്റ് ബോക്സില് ജില്ലാ സെക്രട്ടറിക്കെതിരെ വിമര്ശനങ്ങള് അണപൊട്ടി ഒഴുകുകയാണ്. ഫോട്ടോ എടുക്കാന് വേണ്ടി മാത്രം മരിച്ചതാണോ, മരിച്ചത് ആരാണെന്ന് പോലുമറിയാത്തവരാണോ പാര്ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുന്നത് എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് പ്രവര്ത്തകര് പ്രതികരിക്കുന്നത്. നേതാവിനെ കുറിച്ചുള്ള അറിവില്ലായ്മയും അവഗണനയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് വിമര്ശകര് ചൂണ്ടിക്കാട്ടുന്നു. ചിലര് പരിഹാസരൂപേണ ജില്ലാ സെക്രട്ടറിക്ക് സമയമില്ലെങ്കില് എ.വി. ബാലന്റെ രാഷ്ട്രീയ ചരിത്രം തങ്ങള് പറഞ്ഞുകൊടുക്കാമെന്നും കമന്റുകളിലൂടെ പ്രതികരിച്ചു.
പാര്ട്ടിക്ക് വേണ്ടി ത്യാഗോജ്ജ്വലമായ പ്രവര്ത്തനങ്ങള് കാഴ്ചവെച്ച, പാനൂര് മേഖലയില് പാര്ട്ടിയെ കെട്ടിപ്പടുക്കുന്നതില് മുന്പന്തിയിലുണ്ടായിരുന്ന 'എ.വി' എന്നറിയപ്പെട്ടിരുന്ന എ.വി. ബാലനോട് കാണിച്ച ഈ അവഗണന പൊറുക്കാനാകില്ലെന്നും പ്രവര്ത്തകര് പറയുന്നു. പാര്ട്ടിയോട് അല്പമെങ്കിലും കൂറുണ്ടെങ്കില് സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം വരെ കമന്റുകളിലൂടെ ഉയരുന്നുണ്ട്. ഏതായാലും പാര്ട്ടിയിലെ മുതിര്ന്ന നേതാവിനോടുള്ള ഈ സമീപനം ജില്ലാ സെക്രട്ടറിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
എ.വി. ബാലനെ അറിഞ്ഞുകൂടാത്തവര് പാര്ട്ടി സെക്രട്ടറി സ്ഥാനത്ത് വേണ്ട; കെ.കെ. രാഗേഷിനെതിരെ രൂക്ഷ വിമര്ശനം