സി.പി.എമ്മിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം 'സിറാജ്'. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ അരിശം പാര്‍ട്ടി പ്രവര്‍ത്തകരോടും സാമുദായിക സംഘടനകളോടും തീര്‍ക്കുന്നതിന് പകരം, തോല്‍വിക്ക് കാരണമായ യഥാര്‍ത്ഥ 'രോഗത്തിന്' ചികിത്സിക്കുകയാണ് വേണ്ടതെന്ന് ലേഖനത്തില്‍ വിമർശനം.
എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ 'ഇവിടെ ആര്‍ക്കാണ് പ്രശ്‌നം' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഈ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചുകൊണ്ട് എഴുതിയ ലേഖനത്തിന്റെ ഭാഗമായാണ് സി.പി.എമ്മിനെതിരെയുള്ള പരാമര്‍ശങ്ങള്‍.
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സമയത്ത് പാര്‍ട്ടിയില്‍ തലമുറമാറ്റം കൊണ്ടുവന്നപ്പോഴും മുഖ്യമന്ത്രി മാത്രം മാറിയില്ലെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. പിണറായി വിജയന്‍ വീണ്ടും രംഗത്തുണ്ടാവുകയും, പാര്‍ട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാരും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളാണ് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായതെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
'തോറ്റതിന്റെ അരിശം തീര്‍ക്കേണ്ടത് പ്രവര്‍ത്തകരോടും സാമുദായിക സംഘടനകളോടുമല്ല; ചികിത്സിക്കേണ്ടത് രോഗത്തിന്': സി.പി.എമ്മിനെതിരെ സമസ്ത മുഖപത്രം