തിരുവനന്തപുരം: ശബരിമലയിൽ 2019ന് പുറമെ 2025ലും സ്വർണക്കവർച്ച നടന്നതായി എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. 2019ൽ ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പടിയിലുമുണ്ടായിരുന്ന സ്വർണം അപഹരിച്ചതായി കണ്ടെത്തിയ എസ്‌ഐടി, 2025ൽ ദ്വാരപാലക ശിൽപങ്ങളുടെ താങ്ങുപീഠ പാളികളിൽ നിന്നാണ് സ്വർണം നഷ്ടപ്പെട്ടതെന്നാണ് വ്യക്തമാക്കുന്നത്.
റിമാൻഡ് റിപ്പോർട്ട് പ്രകാരം, കേസിലെ 17-ാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും 18-ാം പ്രതിയായ ദേവസ്വം ബോർഡ് അംഗം എ. അജികുമാറും മറ്റ് പ്രതികൾ നടത്തിയ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാൻ സഹായിക്കുന്ന തരത്തിൽ ബോർഡ് ഉത്തരവ് ഇറക്കിയെന്നാണ് ആരോപണം.
ഇതുവഴി ദ്വാരപാലക താങ്ങുപീഠ പാളികളിൽ നിന്ന് വീണ്ടും സ്വർണം നീക്കം ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ സാമ്പത്തിക നേട്ടം ലഭിക്കാൻ വഴിയൊരുക്കുകയും ചെയ്തതായി എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി അനുമതി തേടിയില്ലെന്ന് എസ്‌ഐടി
ശബരിമല ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ അറ്റകുറ്റപ്പണികൾക്ക് മുമ്പ് ഹൈക്കോടതിയുടെ അനുമതി തേടിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മറ്റ് പ്രതികൾ നടത്തിയ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുന്നതിനാണ് അറ്റകുറ്റപ്പണി നടത്താനുള്ള തീരുമാനത്തിലേക്ക് പി.എസ്. പ്രശാന്തും എ. അജികുമാറും ഉൾപ്പെട്ട ബോർഡ് എത്തിയത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ നീക്കം ചെയ്യുന്നതിന് മുമ്പ് നിയമാനുസൃതമായ കരാർ നിലവിലുണ്ടോയെന്ന് പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകരായ പ്രശാന്തും അജികുമാറും ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും എസ്‌ഐടി ആരോപിക്കുന്നു.
വ്യാജ കരാർ തയ്യാറാക്കിയെന്ന് ആരോപണം
സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതിന് ശേഷം ബെല്ലാരിയിൽ നിന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ വാങ്ങിയ മുദ്രപ്പത്രത്തിൽ 2025 സെപ്റ്റംബർ 8 എന്ന തീയതി രേഖപ്പെടുത്തി തയ്യാറാക്കിയ കരാർ വ്യാജമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശബരിമല സ്വർണക്കവർച്ച കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും, 2020 മുതൽ 2025 വരെയുള്ള ദേവസ്വം ബോർഡ് ജീവനക്കാരുടെ പങ്ക് വിശദമായി പരിശോധിക്കണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്.