നമ്മളിൽ പലർക്കും ഉള്ള ഒരു സാധാരണ ശീലമാണ് കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മുന്നത്. കണ്ണിൽ നേരിയ ചൊറിച്ചിലോ വരൾച്ചയോ തോന്നുമ്പോൾ അറിയാതെ തന്നെ നമ്മൾ കൈകൾ കണ്ണിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാൽ ഈ നിസ്സാരമെന്ന് കരുതുന്ന ശീലം കണ്ണിന്റെ കാഴ്ചയെ വരെ ബാധിക്കുന്ന വലിയ അപകടങ്ങളിലേക്കാണ് നയിക്കുകയെന്ന് നേത്രരോഗ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കണ്ണ് തിരുമ്മുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കണ്ണുകളിൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ഒരു പ്രതികരണമാണ് കണ്ണ് തിരുമ്മൽ.എന്നാൽ, നമ്മുടെ കൈകളിൽ ഒളിച്ചിരിക്കുന്ന ലക്ഷക്കണക്കിന് അണുക്കളാണ് ഈ സമയത്ത് നേരിട്ട് കണ്ണുകളിലേക്ക് എത്തുന്നത്. ഇത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. കൂടാതെ, അമിതമായി കണ്ണ് തിരുമ്മുന്നത് കണ്ണിലെ sensitive ആയ ചെറിയ രക്തധമനികൾക്ക് കേടുപാടുകൾ വരുത്തുകയും, ഇത് കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ അഥവാ ഡാർക്ക് സർക്കിൾസ് വരാൻ കാരണമാകുകയും ചെയ്യും.
ഇടയ്ക്കിടെയുള്ള തിരുമ്മൽ കണ്ണിന്റെ ഉപരിതല പാളിയായ കോർണിയയ്ക്ക് വലിയ രീതിയിലുള്ള കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. നേത്രരോഗ വിദഗ്ദ്ധരെ കാണാൻ എത്തുന്നവരിൽ ഭൂരിഭാഗം പേരുടെയും പ്രധാന പരാതി കണ്ണിനുള്ളിലെ ചൊറിച്ചിലും അസ്വസ്ഥതയുമാണ്. ഇത്തരം ചൊറിച്ചിലുകളിൽ 50 ശതമാനവും 'അലർജി കൺജങ്ക്റ്റിവിറ്റിസ്' (Allergic Conjunctivitis) എന്ന അവസ്ഥ കാരണമാണ് ഉണ്ടാകുന്നത്.
കണ്ണിന്റെ ഉപരിതലത്തിലെ തെളിഞ്ഞ ചർമ്മമായ കൺജങ്ക്റ്റിവയിൽ ഉണ്ടാകുന്ന അലർജി പ്രതികരണമാണ് അലർജി കൺജങ്ക്റ്റിവിറ്റിസ്. അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ കണ്ണിന്റെ കോശങ്ങളുമായി ബന്ധപ്പെടുമ്പോൾ, ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസ തന്മാത്രകൾ പുറപ്പെടുവിക്കുന്നു. ഇതോടെ കണ്ണ് ചുവക്കുക, കൺപോളകൾ വീർക്കുക, കൺപോളകളുടെ ഉള്ളിൽ ചെറിയ മുഴകൾ വരിക എന്നിവ അനുഭവപ്പെടാം.
ചില സമയങ്ങളിൽ കണ്ണിൽ പൊടി പോയത് പോലെയുള്ള തോന്നൽ, കടുത്ത വരൾച്ച, അല്ലെങ്കിൽ കണ്ണിൽ എന്തോ കുടുങ്ങിയത് പോലുള്ള അസ്വസ്ഥത എന്നിവ ഉണ്ടാകാറുണ്ട്. ഇതും ആളുകളെ കണ്ണ് തിരുമ്മാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത് പലപ്പോഴും 'ഡ്രൈ ഐ സിൻഡ്രോം' (Dry Eye Syndrome) അഥവാ 'ബ്ലെഫറിറ്റിസ്' (Blepharitis) എന്ന രോഗത്തിന്റെ ലക്ഷണമാകാം. അതിനാൽ കണ്ണുകളിൽ തുടർച്ചയായി അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്വയം തിരുമ്മി പരിക്കേൽപ്പിക്കാതെ ഒരു ഐ ഡോക്ടറുടെ സഹായം തേടുകയാണ് ചെയ്യേണ്ടത്.