'നീതിയുടേത് ഒരേയൊരു മതം'; ഇതാണ് യഥാര്‍ത്ഥ ഇന്ത്യ'; മുഹമ്മദ് ദീപക്കിനെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
February 23, 2026
1 min read
•
Updated: June 04, 2026
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ വര്‍ഗീയ വിദ്വേഷത്തിനെതിരെ നിലകൊണ്ട ജിം ട്രെയിനര്‍ മുഹമ്മദ് ദീപക്കിനെ നേരില്‍ കണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ മാസം കോട്ദ്വാറില്‍ ഒരു കടയുടമയെ അക്രമികളില്‍ നിന്ന് സംരക്ഷിച്ചതോടെയാണ് ദീപക് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ദീപക്കിന്റെ കുടുംബാംഗങ്ങളുമായും രാഹുല്‍ സംസാരിച്ചു.
'ഭയപ്പെടേണ്ടതില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി എനിക്ക് ഉറപ്പുനല്‍കി. അദ്ദേഹം കോട്ദ്വാര്‍ സന്ദര്‍ശിക്കുമെന്നും എന്റെ ജിമ്മില്‍ അംഗത്വമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്,' കൂടിക്കാഴ്ചയ്ക്ക് ശേഷം ദീപക് പറഞ്ഞു. എല്ലാ മനുഷ്യരും തുല്യരാണെന്നും ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇത്തരം ഐക്യബോധവും ധൈര്യവുമാണ് ഓരോ ഇന്ത്യന്‍ യുവാക്കളിലും ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 26-നാണ് വിവാദങ്ങളുടെ തുടക്കം. കോട്ദ്വാറിലെ 'അഹമ്മദ്സ് ബാബ സ്‌കൂള്‍ ഡ്രസ്' എന്ന സ്ഥാപനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ കടയുടമയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. 'ബാബ' എന്ന പേര് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഇവരുടെ വാദം. റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സുഹൃത്തിന്റെ കടയിലെത്തിയ ദീപക്, കടയുടമയെ അപമാനിക്കുന്നത് തടയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ദീപക്കിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.
സംഭവത്തിന് ശേഷം തന്റെ ഉപജീവനമാര്‍ഗ്ഗം വലിയ പ്രതിസന്ധിയിലാണെന്ന് ദീപക് വെളിപ്പെടുത്തി. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ നേരത്തെ 150-ഓളം പേര്‍ പരിശീലനത്തിന് എത്തിയിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ഇത് 12 മുതല്‍ 15 വരെയായി ചുരുങ്ങി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ ഐക്യമെന്ന ആശയത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ദീപക് വ്യക്തമാക്കി. ഓരോ ജിം അംഗത്തിനും ഹനുമാന്‍ ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ദ്വാറിലെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൗരി ഗര്‍വാള്‍ എസ്എസ്പി സര്‍വേഷ് പന്‍വാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10