മറക്കില്ല ആ കറുത്ത ദിനം; പുല്‍വാമയുടെ കനല്‍ അടങ്ങാത്ത ഏഴ് വര്‍ഷങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
February 14, 2026
1 min read
•
Updated: June 05, 2026
രാജ്യത്തിന്റെ ഹൃദയത്തില്‍ മായാത്ത മുറിപ്പാടായി മാറിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴ് വയസ്സ്. 2019 ഫെബ്രുവരി 14-ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നടന്ന ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് വിതുമ്പുകയാണ്. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവത്യാഗത്തിന് മുന്നില്‍ രാജ്യം ഇന്ന് ആദരവര്‍പ്പിക്കുന്നു.
അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ മടങ്ങിയ ജവാന്മാരടക്കം 2,547 സൈനികര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുമ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. പുല്‍വാമയിലെ അവന്തിപ്പുരയ്ക്ക് സമീപം ഉച്ചയ്ക്ക് 3:15-ഓടെയായിരുന്നു സംഭവം. 100 കിലോയിലധികം സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുമായി വന്ന ആദില്‍ അഹമ്മദ് എന്ന ഭീകരന്‍, സൈനിക വാഹനവ്യൂഹത്തിലെ ഒരു ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 76-ാം ബറ്റാലിയന്റെ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. 100 മീറ്റര്‍ ചുറ്റളവില്‍ മൃതദേഹങ്ങളും വാഹനാവശിഷ്ടങ്ങളും ചിതറിത്തെറിച്ച ആ കാഴ്ച രാജ്യത്തെ ഒന്നടങ്കം നടുക്കി.
ഈ ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനായ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറും ഉണ്ടായിരുന്നു. 82-ാം ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാര്‍ അവധി കഴിഞ്ഞ് മടങ്ങിപ്പോയി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ദുരന്തം സംഭവിച്ചത്. കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെ അടയാളമായി വസന്തകുമാറിന്റെ ഓര്‍മ്മകള്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
ആക്രമണത്തിന് പിന്നാലെ എന്‍.ഐ.എ ഏറ്റെടുത്ത അന്വേഷണത്തില്‍, ജയ്‌ഷെ മുഹമ്മദ് ഭീകരനായ മുദസിര്‍ അഹമ്മദ് ഖാനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തി. ഇയാളെ പിന്നീട് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ആക്രമണം നടന്ന് 12-ാം ദിവസം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുതരിപ്പണമാക്കി. മുന്നൂറോളം ഭീകരരെ വധിച്ച ഈ സൈനിക നടപടി, ഭീകരതയോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവായി മാറി.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഈ സംഭവം രാഷ്ട്രീയമായും സൈനികമായും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഇന്ന് ഏഴാം വാര്‍ഷികത്തില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനികര്‍ക്കായി സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പുല്‍വാമയിലെ സ്മാരകത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിച്ചു. 'നമ്മള്‍ മറക്കില്ല, നമ്മള്‍ മാപ്പ് നല്‍കില്ല' എന്ന പ്രതിജ്ഞയുമായി ഭാരതം തങ്ങളുടെ കാവല്‍ഭടന്മാരെ നെഞ്ചോട് ചേര്‍ക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10