തിരുവനന്തപുരം: പ്രശസ്ത കലാസംഘാടകനും നാടകപ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
കേരളത്തിന്റെ കലാസാംസ്കാരിക ഭൂമികയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദശാബ്ദങ്ങൾ നീണ്ട സുഹൃദ്ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ലോകമെങ്ങുമുള്ള കലാകാരന്മാരെ തലസ്ഥാന നഗരിയിൽ അണിനിരത്തി അവരുടെ സർഗ്ഗസപര്യ ജനങ്ങൾക്ക് ആസ്വദിക്കാൻ അവസരമൊരുക്കിയ അദ്ദേഹത്തിന്റെ സംഭാവനകൾ കാലാതീതമാണ്. നമ്മുടെ സാംസ്കാരിക രംഗത്ത് സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ ഓർമ്മിച്ചു.
മന്ത്രി പി.സി വിഷ്ണുനാഥ്
കലയെ ജീവിതസപര്യയാക്കി മാറ്റിയ അപൂർവ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്നും, അദ്ദേഹത്തിന്റെ വിയോഗം ഒരു സർഗാത്മക കാലഘട്ടത്തിന്റെ വിടവാങ്ങലാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. പാരമ്പര്യത്തിന്റെ മിഴിവ് ചോരാതെ ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ച് അരങ്ങിനെ വേറിട്ടൊരു കലാനുഭവമാക്കി മാറ്റിയ അദ്ദേഹം, സൂര്യ ഫെസ്റ്റിവലിലൂടെയും സംഗീത നാടക അക്കാദമിയിലൂടെയും കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച വ്യക്തിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എം. ലിജു
സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ തിരശ്ശീല വീണത് കലാകേരളത്തിന്റെ സൂര്യതേജസ്സിന് കൂടിയെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. കേരളത്തിന്റേത് മാത്രമല്ല, ഇന്ത്യയുടെ തന്നെ കലാരൂപങ്ങളെ ലോകത്തിന് മുന്നിലേക്കെത്തിക്കാനും അവയെ ലോകനിലവാരത്തിലേക്കുയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കലയ്ക്ക് സമ്പാദ്യം ഒരു തടസ്സമാകരുതെന്ന് ബോധ്യമുണ്ടായിരുന്ന കലാകാരനും സംഘാടകനുമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്നും മന്ത്രി പറഞ്ഞു. ഉയർന്ന ശമ്പളം ലഭിക്കുന്ന ഐ.എസ്.ആർ.ഒയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്നുവന്നത്. അങ്ങനെ ശാസ്ത്രം കലയ്ക്ക് വഴിമാറിയപ്പോൾ പിറന്നത് പുതുചരിത്രമായിരുന്നു. ഇന്ത്യയുടെ ഏത് കലാരൂപത്തിനും ഒരു വേദി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. നാടകം, സംഗീതം, നൃത്തം, സിനിമ തുടങ്ങി കലയുടെ വിവിധ മേഖലകളെ ഒരേ വേദിയിൽ എത്തിച്ചു, അദ്ദേഹം. എല്ലാവർഷവും ഒക്ടോബർ ഒന്നിന് തുടർച്ചയായി 43 വർഷം ഗാനഗന്ധർവ്വൻ യേശുദാസ് 'സൂര്യ' ഫെസ്റ്റിവലിൽ എത്തിയത് അദ്ദേഹവുമായുള്ള വ്യക്തിബന്ധം കാരണമായിരുന്നു. ഉസ്താദ് ബിസ്മില്ലാ ഖാനും അംജദ് അലി ഖാനും സാക്കിർ ഹുസൈനും ബാലമുരളീകൃഷ്ണയും സത്യജിത് റായിയും മുതൽ പത്മ സുബ്രഹ്മണ്യവും ശോഭനയും വരെ സൂര്യ മേളയിൽ എത്തിച്ചേർന്നു. ഇങ്ങനെ ബഹുമുഖ പ്രതിഭകളെ കേരളവുമായി ബന്ധിപ്പിച്ചത് ഒരേയൊരു സൂര്യ കൃഷ്ണമൂർത്തിയെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും എം.ലിജു പറഞ്ഞു.
കെ.സി വേണുഗോപാല്‍
കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ പ്രോജ്വലമാക്കിയ അപൂർവ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അനുശോചിച്ചു.
എഴുത്തും പ്രസംഗവും നാടകവും സംഗീതവും നൃത്തവും സിനിമയും തുടങ്ങി കലയുടെ വിവിധ മേഖലകളെ ഒരുമിപ്പിച്ച സാംസ്‌കാരിക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1977ൽ അദ്ദേഹം തുടക്കമിട്ട ‘സൂര്യ’ എന്ന സാംസ്‌കാരിക പ്രസ്ഥാനം ഇന്ന് നാൽപ്പതിലേറെ രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ കലാദർശനത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. പദവികളും പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഏറെയുണ്ടായപ്പോഴും കലയെ കേവലം വാണിജ്യവത്കരണത്തിന് വിട്ടുകൊടുക്കാതെ അതിന്റെ ഔന്നത്യവും ഗൗരവവും കാത്തുസൂക്ഷിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു. വേദികളിൽ വിസ്മയം സൃഷ്ടിക്കുന്നതിനൊപ്പം പുതുതലമുറയിലെ കലാകാരന്മാർക്ക് അവസരങ്ങളും പ്രോത്സാഹനവും നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് നഷ്ടമാണെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
മന്ത്രി സണ്ണി ജോസഫ്
സാംസ്‌കാരിക കലാരംഗങ്ങളിലെ പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യാ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. നാടകരചയിതാവ്, സാംസ്‌കാരിക നായകൻ, കലാസംഘാടകൻ തുടങ്ങിയ നിലകളിൽ തന്റേതായ പാത തെളിയിച്ച അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക മുഖമായി മാറിയ വ്യക്തിത്വമായിരുന്നു. സംഗീതം, സിനിമ, നാടകം, നൃത്തം തുടങ്ങിയ വിവിധ കലാരൂപങ്ങളെ സമന്വയിപ്പിച്ച് ‘സൂര്യ ഫെസ്റ്റിവൽ’ എന്ന വേദിയിലൂടെ യുവകലാപ്രതിഭകൾക്ക് അവസരങ്ങളുടെ ലോകവും അവരുടെ സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കാനുള്ള ഇടവും അദ്ദേഹം ഒരുക്കി നൽകി. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രി കെ. മുരളീധരന്‍
കലാരംഗത്ത് പ്രകാശം പകർന്ന് കേരളീയ സംസ്കാരത്തിന്റെ മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച അതുല്യ കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നാടകവും സംഗീതവും ദൃശ്യകലയും ഉൾപ്പെടുന്ന കലാലോകത്ത് അദ്ദേഹം സൃഷ്ടിച്ച വേറിട്ട അടയാളങ്ങൾ കാലാതീതമാണ്. കല ഒരു വിനോദം മാത്രമല്ല, മനുഷ്യഹൃദയങ്ങളെ ചേർത്തുനിർത്തുന്ന ശക്തിയാണെന്ന് അദ്ദേഹം തെളിയിച്ചു. 111 ദിവസം നീണ്ടു നിൽക്കുന്ന സൂര്യ ഫെസ്റ്റിവെൽ സൂര്യ കൃഷ്ണമൂർത്തിയുടെ സംഘാടക മികവിന്റെ ഉത്തമ ഉദാഹരണമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി കെ.മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.