Logo
Mon, Jun 22, 2026 • 11:48 PM
LIVE TV
Watch

No business videos available

No Middle East videos available

ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള എഴുത്തുകാരന് ശതാഭിഷേക നിറവ്; പെരുമ്പടവത്തെ ആദരിച്ച് സാഹിത്യലോകം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 12, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള എഴുത്തുകാരന് ശതാഭിഷേക നിറവ്; പെരുമ്പടവത്തെ ആദരിച്ച് സാഹിത്യലോകം
  ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള എഴുത്തുകാരന് ഇന്ന് ശതാഭിഷേക നിറവ്. 'ഒരു സങ്കീർത്തനം പോലെ' എന്ന ഒറ്റ കൃതിയിലൂടെ മലയാള സാഹിത്യലോകത്ത് തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച പെരുമ്പടവം ശ്രീധരന് ആയിരം പൂർണ്ണചന്ദ്രന്‍റെ ശോഭ. പ്രിയ സാഹിത്യകാരന്‍റെ ശതാഭിഷേകത്തെ ആഘോഷിക്കുകയാണ് സാഹിത്യലോകം. സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീട്ടിൽ എത്തി അദ്ദേഹത്തെ ആദരിച്ചു. തന്‍റെ എഴുത്തുകൊണ്ട് വാനോളമുയർന്ന അദ്ദേഹത്തിന്‍റെ 'ഒരു സങ്കീർത്തനം പോലെ' എന്ന രചന മലയാളസാഹിത്യത്തിന് എന്നും മുതൽക്കൂട്ടാണ്. അന്ന ജീവിതത്തിൽ ആദ്യമായി ദസ്തയേവ്സ്കിയെ കണ്ടുമുട്ടുന്ന നിമിഷം മുതൽ ഒടുവിൽ അവർ അന്യോന്യം ജീവിതം പങ്കുവെക്കാൻ തീരുമാനിക്കുന്ന മുഹൂർത്തം വരെയുള്ള കാലഘട്ടങ്ങൾ മലയാളികളുടെ മനസില്‍ പെരുമ്പടവം അതിമനോഹരമായി  എഴുതിച്ചേർത്തു. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്‍റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. പെരുമ്പടവത്തിന്‍റെ രചനാവൈശിഷ്ട്യം വായനക്കാർക്ക് മുന്നില്‍ തുറന്നത് ആസ്വാദനത്തിന്‍റെ വേറിട്ട ഒരു യുഗം കൂടിയാണ്. ഒരു സങ്കീര്‍ത്തനം പോലെയുടെ 122 പതിപ്പുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്‍റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12 നാണ് ജനനം. കുട്ടിക്കാലത്ത് തന്നെ എഴുതിത്തുടങ്ങി. ഒരു സങ്കീര്‍ത്തനം പോലെ, അരൂപിയുടെ മൂന്നാം പ്രാവ്, അഭയം, അഷ്ടപദി, അന്തിവെയിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, ഗ്രീഷ്മജ്വാലകള്‍, കാല്‍വരിയിലേക്ക് വീണ്ടും, ഇടത്താവളം, അര്‍ക്കവും ഇളവെയിലും, മേഘച്ഛായ, ഏഴാം വാതില്‍, നിന്‍റെ കൂടാരത്തിനരികെ, വാള്‍മുനയില്‍ വെച്ച മനസ്, എന്‍റെ ഹൃദയത്തിന്‍റെ ഉടമ തുടങ്ങി നാല്‍പതിലേറെ കൃതികള്‍ പെരുമ്പടവത്തിന്‍റേതായിട്ടുണ്ട്. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ പെരുമ്പടവത്തിന്‍റെ എഴുത്തിനെ തേടിയെത്തി. തിരുവനന്തപുരം കരമന തമലത്തെ 'പെരുമ്പടവം' വീട്ടിലാണ് ഇപ്പോള്‍ താമസം.  ഒരു കവിയുടെ ജീവിതം പ്രമേയമായ 'അവനി വാഴ്വ് കിനാവ്' എന്ന നോവല്‍ പൂര്‍ത്തിയാക്കിയതാണ് പെരുമ്പടവത്തിന്‍റെ ഏറ്റവും പുതിയ വിശേഷം. ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ എഴുത്തുകാരന് പിറന്നാളാശംസകള്‍...
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10