ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അവതാരകയും നടിയുമായ പേളി മാണി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിനെതിരെ വ്യാപക വിമർശനം. പ്രക്ഷോഭത്തിൽ വ്യക്തമായ നിലപാട് എടുക്കാതെ 'ബാലൻസ്' ചെയ്താണ് പേളി സംസാരിച്ചതെന്നാണ് പ്രധാന വിമർശനം. കൂടാതെ, ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം പ്രഖ്യാപിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ചതിനും, വിമർശിക്കുന്നവരെ സോഷ്യല്മീഡിയയില് ബ്ലോക്ക് ചെയ്യുന്നതിനും എതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സംഭവങ്ങൾ ഹൃദയഭേദകമായിരുന്നുവെന്ന് പേളി മാണി കുറിച്ചു. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വേദനാജനകമാണ്. ഒരു ലക്ഷ്യവും സ്വന്തം ജീവനേക്കാൾ വലുതല്ലെന്നും അക്രമ സാധ്യതയുണ്ടെങ്കിൽ വിദ്യാർത്ഥികൾ പിന്മാറണമെന്നും പേളി അഭ്യർത്ഥിച്ചു. സുതാര്യവും നീതിയുക്തവുമായ വിദ്യാഭ്യാസ സംവിധാനമാണ് രാജ്യത്തിന് ആവശ്യമെന്നും, വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കപ്പെടണമെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ മുന്നേറ്റങ്ങളുടെ യഥാർത്ഥ ലക്ഷ്യം മങ്ങിപ്പോകരുതെന്നും അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പിന്തുണയ്ക്കില്ലെന്നും പേളി വ്യക്തമാക്കി. സമാധാനപരമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തെ അനുകൂലിക്കുന്നു. വരുംകാലത്ത് ഈ പോരാട്ടം ഓർമിക്കപ്പെടേണ്ടത് അക്രമത്തിന്റെ പേരിലല്ല, മറിച്ച് വിദ്യാർത്ഥികൾ കാണിച്ച ധൈര്യത്തിന്റെ പേരിലായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം നിലപാട് തുറന്നുപറയണമെന്ന് പലരും ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രതികരിച്ചതെന്നും, വലിയൊരു വിഭാഗം ആളുകളിലേക്ക് വാക്കുകൾ എത്തുന്നതിനാൽ ഉത്തരവാദിത്തത്തോടെ മാത്രമേ സംസാരിക്കാനാകൂ എന്നും പേളി വ്യക്തമാക്കി. നാളെ പുതിയ വസ്തുതകൾ പുറത്തുവന്നാൽ അഭിപ്രായം മാറ്റാൻ മടിക്കില്ലെന്ന് വ്യക്തമാക്കിയ അവർ, ആരുടെയും അഭിപ്രായങ്ങൾ അന്ധമായി പിന്തുണയ്ക്കാതെ കാര്യങ്ങൾ സ്വയം പഠിച്ച് സ്വന്തം നിലപാടുകൾ രൂപപ്പെടുത്താൻ എല്ലാവരോടും ആഹ്വാനം ചെയ്തു.