കോട്ടയം മേലമ്പാറയിൽ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റ് പ്രശസ്തമായ പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ചെരിഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉടമയുടെ വീട്ടുപറമ്പിൽ തളച്ചിരുന്ന ആനയ്ക്കാണ് മിന്നലേറ്റത്. കേരളാ ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ആനപ്രേമികൾക്കിടയിൽ 'ഗജകൗസ്തുഭം' എന്ന് അറിയപ്പെട്ടിരുന്ന ഈ ആന. തൃശൂർ പൂരമടക്കമുള്ള പ്രമുഖ ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ബ്രഹ്മദത്തനെ നീരിളക്കത്തെ തുടർന്നാണ് വീട്ടുപറമ്പിൽ തളച്ചിരുന്നത്.
കേരളത്തിൽ ഇടിമിന്നലേറ്റ് ആന ചെരിയുന്ന സംഭവം അത്യപൂർവ്വമാണ്. ഇതിനുമുമ്പ് 2014-ൽ പാലാ കടപ്പാട്ടൂരിൽ വെച്ച് 'ചിറക്കടവ് ചാമപ്പറ്റം കൃഷ്ണൻകുട്ടി' എന്ന തിരുവപ്പള്ളിൽ കൃഷ്ണൻകുട്ടി ചെരിഞ്ഞതാണ് സംസ്ഥാനത്ത് ഇത്തരത്തിലുണ്ടായ ഏക മുൻ സംഭവം. അരുണാചൽ പ്രദേശിൽ നിന്ന് എത്തിച്ച ബ്രഹ്മദത്തൻ, ഒന്നാം പാപ്പാനായിരുന്ന ദാമോദരൻ നായരുമായുള്ള അപൂർവ്വ ബന്ധത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. 2003-ൽ ഉത്സവപ്പറമ്പിൽ വെച്ച് ദാമോദരൻ നായരെ ആക്രമിക്കാൻ വന്ന മറ്റൊരു ആനയെ കുത്തിമാറ്റി രക്ഷപ്പെടുത്തിയ ബ്രഹ്മദത്തൻ, പാപ്പാന്റെ വേർപാടിൽ നൽകിയ വികാരനിർഭരമായ യാത്രാമൊഴിയും ഏറെ ശ്രദ്ധ നേടിയിരുന്നു.
മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു