തിരുവനന്തപുരം: നിരക്ക് പരിഷ്കരണവും ബൈക്ക് ടാക്സികൾ അവസാനിപ്പിക്കലും ഉൾപ്പെടെ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പൂർണ്ണമായും ഓഫ്ലൈൻ ആകുമെന്ന് ഡ്രൈവർമാരുടെ സംഘടനകൾ അറിയിച്ചു.
രാവിലെ മുതൽ കാറുകൾ കൂട്ടത്തോടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓഫ്ലൈൻ ആക്കിയാണ് പ്രതിഷേധം ആരംഭിക്കുന്നത്. മുൻപ് പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ പരിഹാരമെന്ന നിലയിൽ കമ്പനികൾ വർദ്ധിപ്പിച്ചു നൽകിയ തുക പിന്നീട് ഏകപക്ഷീയമായി പിൻവലിച്ചതാണ് ഡ്രൈവർമാരെ വീണ്ടും സമരത്തിലേക്ക് തള്ളിയിട്ടത്. ഇത്തവണ തങ്ങളുടെ ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഓൺലൈൻ ക്യാബുകളും ടാക്സികളും സർവീസ് നിർത്തിവെക്കുന്നത് ഓഫീസ് യാത്രക്കാരെയും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന സാധാരണക്കാരെയും വലിയ തോതിൽ പ്രതിസന്ധിയിലാക്കും.