കൽപ്പറ്റ: വയനാടിന്റെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് സർവതല സ്പർശിയായ ഓണാഘോഷ പരിപാടികൾക്കാണ് ജില്ല നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലങ്ങളിൽ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സിവിൽ സപ്ലൈസ് വകുപ്പ് വഴി ശക്തമായ ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സപ്ലൈകോ വഴി 300 കോടിയുടെ വിറ്റുവരവ് നടന്നതായും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ ആരംഭിച്ച 2,000 ഓണച്ചന്തകളിലൂടെ അവശ്യസാധനങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്നുണ്ട്. കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച വകയിൽ നൽകാനുള്ള മുഴുവൻ തുകയും സർക്കാർ നൽകിയതായും മന്ത്രി അറിയിച്ചു. നെൽകർഷകർക്ക് നൽകാനുള്ള മുഴുവൻ തുകയും ഓഗസ്റ്റ് 31നകം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പ്രയാസമില്ലാതെ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൽപ്പറ്റ ജനറൽ ആശുപത്രിയോട് ചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റിൽ 45 കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു. കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ചൂരൽമല, ടൗൺഷിപ്പ് മേഖലകളിലെ കിടപ്പുരോഗികൾക്കായി അക്ഷയപാത്ര ഫൗണ്ടേഷൻ നൽകുന്ന ഓണക്കിറ്റും ജില്ലയിലെ വിവിധ കോഴ്സുകളിൽ പഠിക്കുന്ന അർഹരായ 50 വിദ്യാർഥികൾക്ക് ഇ.വൈ.ജി.ഡി.എസ് സി.എസ്.ആർ കമ്പനി നൽകുന്ന ലാപ്ടോപ്പുകളും ഓണക്കോടികളും മന്ത്രി വിതരണം ചെയ്തു.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, വൈസ് പ്രസിഡന്റ് ജിൻസി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, അക്ഷയപാത്ര ഫൗണ്ടേഷൻ പ്രതിനിധി ഡോ. മഹോത്സഹ ചൈതന്യ ദാസ്, ഇ.വൈ.ജി.ഡി.എസ് സി.എസ്.ആർ കമ്പനി പ്രതിനിധി വി.എസ്. വിനോദ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, സ്ഥിരംസമിതി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
‘അതിജീവനത്തിന്റെ ഉത്സവം’; വയനാട്ടിൽ ഓണാഘോഷങ്ങൾക്ക് തുടക്കം, മന്ത്രി ടി. സിദ്ദീഖ്