ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ മൂന്ന് താലൂക്കുകൾക്ക് നാളെ (സെപ്റ്റംബർ 23) സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയും കായംകുളം എംഎൽഎയുമായ എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി അവധി അനുവദിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ ആഘോഷത്തിന്റെ ഭാഗമായുള്ള കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും തടസ്സമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യുജി കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്.
കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 23-ന് രാവിലെ 6.00 മണി മുതൽ ദേശീയപാത 66-ൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെ.പി റോഡിൽ പ്രവേശിച്ച് ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ്-ശാസ്താംകോട്ട-കെ.എം.എം.എൽ വഴി യാത്ര ചെയ്യേണ്ടതാണ്.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തീരദേശ റോഡിലൂടെ വലിയ അഴീക്കൽ പാലം കടന്ന് കായംകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്. തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോങ് ചെയ്സ്, കണ്ടെയ്നർ തുടങ്ങിയ ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതും ഗതാഗത നിയന്ത്രണം അവസാനിക്കുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതുമാണ്. പൊതുജനങ്ങൾ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.
ഓച്ചിറ കെട്ടുകാഴ്ച: കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു