ഹൈദരാബാദ്: റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ ഫ്ലൈയിങ് ഫ്ലീ ഇന്ത്യയിൽ വിൽപ്പന ശൃംഖല വിപുലീകരിക്കുന്നു. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ 'ഫ്ലൈയിങ് ഫ്ലീ സി6' (Flying Flea C6) ഇനി ഹൈദരാബാദിലും ലഭ്യമാകും. ബെംഗളൂരുവിന് ശേഷം ഈ ഇലക്ട്രിക് ബൈക്ക് വിൽപ്പനയ്‌ക്കെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമാണിത്. ഹൈദരാബാദിൽ നാല് വിൽപ്പന, സർവീസ് കേന്ദ്രങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ബാറ്ററി വാടകയ്ക്ക് എടുക്കുന്ന 'ബാറ്ററി ആസ് എ സർവീസ്' (Baas) പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് ₹1.99 ലക്ഷം മുതൽ ബൈക്ക് സ്വന്തമാക്കാം. ബാറ്ററി ഉൾപ്പെടെയുള്ള സാധാരണ വാങ്ങൽ ഓപ്ഷന്റെ എക്‌സ്‌ഷോറൂം വില ₹2.79 ലക്ഷമാണ്. ഹബ് ആൻഡ് സ്‌പോക്ക് മാതൃകയിലാണ് നഗരത്തിൽ ശൃംഖല പ്രവർത്തിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി എറഗദ്ദയിൽ പ്രത്യേക സർവീസ് കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ, പാരച്യൂട്ട് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന റോഡ്‌സൈഡ് അസിസ്റ്റൻസ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
പെർഫോമൻസും റേഞ്ചും: 3.91 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ് ഫ്ലൈയിങ് ഫ്ലീ സി6-ന് കരുത്ത് പകരുന്നത്. ഇലക്ട്രിക് മോട്ടോർ 21 ബിഎച്ച്പി കരുപ്പും 60 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 115 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാർജിൽ 154 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. റാപ്പിഡ്, സ്റ്റാൻഡേർഡ്, ട്രിക്കിൾ എന്നീ മൂന്ന് ചാർജിങ് മോഡുകളുള്ള ബൈക്ക് സാധാരണ 16 ആംപിയർ പ്ലഗ് പോയിന്റ് ഉപയോഗിച്ചും ചാർജ് ചെയ്യാം.
റെട്രോ ഡിസൈനിൽ എത്തുന്ന ബൈക്കിൽ ലീൻ ആംഗിൾ സെൻസിങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വോയ്‌സ് അസിസ്റ്റ്, ജോയ്സ്റ്റിക് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ, 4ജി കണക്റ്റിവിറ്റി തുടങ്ങിയ ആധുനിക സവിശേഷതകളുമുണ്ട്. ഇന്ത്യയ്ക്കും യുകെക്കും പുറമെ പാരീസ്, ബാഴ്‌സലോണ, റോം, ലണ്ടൻ തുടങ്ങിയ പ്രമുഖ വിദേശ നഗരങ്ങളിലും ഫ്ലൈയിങ് ഫ്ലീ സാന്നിധ്യം അറിയിക്കുന്നുണ്ട്.