പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ (75) ചെന്നൈയിൽ അന്തരിച്ചു. രാവിലെ 8:30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് ഔദ്യോഗികമായി വ്യക്തമായിട്ടില്ല. 'തേനിസൈ തെൻട്രൽ' (ഇശലിന്റെ തെന്ദ്രൽ) എന്ന വിശേഷണത്തോടെയാണ് ആരാധകരും സിനിമാലോകവും അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്.
1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, തമിഴ് സിനിമയിലെ എക്കാലത്തെയും പ്രമുഖ സംഗീതസംവിധായകരിൽ ഒരാളാണ്. തനതായ ഈണങ്ങൾ, ഗ്രാമീണ നാടൻ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള സംഗീതം എന്നിവയിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. സംഗീത സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സുമ്മാ ഇരുങ്ക മച്ചാൻ, ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ, ചിന്ന രാജ, വാണി മഹൽ, അടി തടി, ഇംഗ്ലീഷ്കാരൻ, മോതി വിളയാട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയുടെ മുൻനിരയിലേക്ക് ഉയരുന്നത്. ബാഷ, അണ്ണാമലൈ, ആസൈ, കാതൽ കോട്ടൈ, നേർക്കു നേർ, നിനൈത്തേൻ വന്തായി, പ്രിയമുടൻ, വാലി, കുഷി തുടങ്ങിയവ അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുന്നു. മലയാളത്തിൽ 'ദ പ്രിൻസ്', 'കിങ് സോളമൻ', 'ഫാന്റം' എന്നീ ചിത്രങ്ങൾക്കും ദേവ ഈണമൊരുക്കിയിട്ടുണ്ട്. കൂടാതെ, കമൽഹാസൻ ചിത്രമായ 'അവ്വൈ ഷൺമുഖി'യുടെ ഹിന്ദി റീമേക്കായ 'ചാച്ചി 420'-ന്റെ പശ്ചാത്തലസംഗീതവും നിർവഹിച്ചത് അദ്ദേഹമാണ്. സംഗീത ലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ മാനിച്ച് തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി അവാർഡ്' ഉൾപ്പെടെ നിരവധി പ്രമുഖ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ മികച്ച സംഗീതത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. പ്രമുഖ സംഗീത സംവിധായകൻ ശ്രീകാന്ത് ദേവ അദ്ദേഹത്തിന്റെ മകനാണ്. സബേഷ്, മുരളി എന്നിവരാണ് മറ്റു മക്കൾ.
തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു