സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ മാസ് ആക്ഷൻ ത്രില്ലർ ചിത്രം 'ലോ ആൻഡ് ഓർഡറിലെ' രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ദാനിയേൽ ഈണം പകർന്ന് ടോജൻ ടോബിയും സംഘവും ആലപിച്ച "കായാകും മുൻപ് കൊഴിഞ്ഞൊരു പൂ... ഞാനില്ലിനി നിൻ സ്വപ്നത്തിന് നേരാവാൻ" എന്ന വൈകാരിക ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സ്റ്റുഡിയോ റെക്കോർഡിംഗും സിനിമയിലെ പ്രധാന രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
പ്രകാശ് വർമ്മയും അഭിരാമിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ, കഥാഗതിയിൽ ഏറെ നിർണായകമായ വൈകാരിക സന്ദർഭങ്ങളിലാണ് ഈ ഗാനം കടന്നുവരുന്നത്. 'തുടരും' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മയ്ക്കും 'ബ്ലാസ്റ്റ്' എന്ന സിനിമയിലൂടെ കയ്യടി നേടിയ അഭിരാമിക്കും ഏറെ അഭിനയസാധ്യതയുള്ള ചിത്രമായിരിക്കും ഇതെന്ന് ഗാനരംഗങ്ങൾ സൂചന നൽകുന്നു. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 4-നാണ് തിയേറ്ററുകളിലെത്തുന്നത്.
ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ വൻ ബജറ്റിലൊരുങ്ങുന്ന ഈ റിയലിസ്റ്റിക് ത്രില്ലർ പ്രേക്ഷകരെ തുടക്കം മുതൽ മുൾമുനയിൽ നിർത്തുമെന്നാണ് പ്രതീക്ഷ. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ, ആതിരപ്പള്ളി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കൂടാതെ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ജനപ്രിയ കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി വീണ്ടും എത്തുന്നെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും ബിജിപാൽ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്ന ചിത്രം സത്യം സിനിമാസ് തിയേറ്ററുകളിലെത്തിക്കും.